Latest News

കോണ്‍ഗ്രസ് അധികാരത്തില്‍വന്നാല്‍ അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണത്തിന് ശ്രമിക്കുമെന്ന് ഹരീഷ് റാവത്ത്

ദെഹ്‌റാദൂണ്‍: ലോക്‌സഭാ തിരഞ്ഞെടുപ്പിനുശേഷം കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുന്നതിനുള്ള ആത്മാര്‍ഥമായ ശ്രമം നടത്തുമെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറിയും ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രിയുമായ ഹരീഷ് റാവത്ത്.[www.malabarflash.com]

കോണ്‍ഗ്രസ് അധികാരത്തില്‍ ഇരുന്നപ്പോള്‍ മുമ്പ് രണ്ടുതവണ രാമക്ഷേത്ര നിര്‍മ്മാണത്തിന് ശ്രമം നടത്തിയിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

ഇത് പാര്‍ട്ടിയുടെ ഔദ്യോഗിക നിലപാടാണോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനും അദ്ദേഹം വ്യക്തമായ മറുപടി നല്‍കി. ഇതുസംബന്ധിച്ച തന്റെ നിലപാട് എല്ലാ മാധ്യമങ്ങളും നേരത്തെതന്നെ റിപ്പോര്‍ട്ടു ചെയ്തിട്ടുള്ളതാണ്. കോണ്‍ഗ്രസ് നേതൃത്വം അതൊന്നും തള്ളിക്കളഞ്ഞിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

വിഷയത്തില്‍ ബിജെപിക്ക് ആത്മാര്‍ഥതയില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. രാമക്ഷേത്ര വിഷയം ഉയര്‍ത്തി ബിജെപി രാഷ്ട്രീയം കളിക്കുകയാണ്. പുല്‍വാമ വിഷയത്തില്‍ പ്രധാനമന്ത്രി മോദി മാത്രമാണ് ദേശസ്‌നേഹിയെന്നാണ് ബിജെപി അവകാശപ്പെടുന്നത്. എന്നാല്‍, രാജ്യത്തെ ജനങ്ങളെല്ലാം ദേശസ്‌നേഹികളാണ്.

ഉത്തരാഖണ്ഡിലെ കാര്‍ഷിക മേഖലയിലും ഉത്പാദന മേഖലയിലും നേരിടുന്ന മാന്ദ്യം ആശങ്കയുണ്ടാക്കുന്നതാണ്. സംസ്ഥാനത്തെ നിരവധി ഫാക്ടറികള്‍ പൂട്ടി. 50,000 ത്തോളം കര്‍ഷകര്‍ കൃഷി ഉപേക്ഷിച്ചു. അദാനിയേയും രാംദേവിനെയും പോലെയുള്ള വ്യവസായികള്‍ ഭൂമി മുഴുവന്‍ വാങ്ങിക്കൂട്ടുകയാണ്. ഇതുമൂലം കര്‍ഷകര്‍ക്ക് കൃഷിചെയ്യാന്‍ ഭൂമിയില്ലാത്ത അവസ്ഥയാണെന്നും ഹരീഷ് റാവത്ത് ആരോപിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.