Latest News

ഇനി വിവാഹ ഫോട്ടോഷൂട്ട് വെള്ളത്തിനടിയില്‍

കോഴിക്കോട്: [www.malabarflash.com] സ്വര്‍ഗത്തില്‍ വച്ചാണു നടക്കുന്നതെന്ന കാര്യമൊക്കെ ശരിതന്നെ. എന്നാല്‍ അതിനു ശേഷമുള്ള ഫോട്ടോഷൂട്ട് പഴയ മരംചുറ്റലിലും പൂക്കള്‍ പശ്ചാത്തലമാക്കിയുള്ള രംഗങ്ങളില്‍നിന്നുമൊക്കെ ഒരുപാട് മാറി. വധൂവരന്മാരെ വെള്ളത്തിനടിയില്‍ പോസ് ചെയ്യിച്ച് ഫോട്ടോഷൂട്ട് നടത്തുന്നതാണ് ഇപ്പോഴത്തെ ട്രെന്‍ഡ്. അണ്ടര്‍വാട്ടര്‍ ഫൊട്ടോഗ്രഫി എന്ന നൂതന രീതി ഇന്നു കേരളത്തില്‍ പുതിയ ട്രെന്‍ഡ് ആയി മാറിയിരിക്കുകയാണ്.
ഹൗസ്‌ബോട്ടില്‍നിന്നു വെള്ളത്തിലേക്കു വരനും വധുവും ചാടുന്നതും മുങ്ങാംകുഴിയിട്ടു വെള്ളത്തിലൂടെ നീന്തുന്നതും രണ്ട് ക്യാമറകളിലായി ഷൂട്ട് ചെയ്യും. വെള്ളത്തിനടിയിലെ നാച്വറല്‍ ലൈറ്റില്‍ മീനുകള്‍ക്കൊപ്പം നീന്തിനടക്കുന്നത് ആല്‍ബത്തിലെത്തുമ്പോള്‍ ഫോട്ടോയ്ക്ക് ഇഫക്ട് കൂടും. മലബാര്‍ മേഖലയില്‍ ഇത്തരത്തില്‍ ഫോട്ടോ എടുക്കുന്ന രീതി ആദ്യമായി അവതരിപ്പിച്ച മംഗള്‍സൂത്ര വെഡിങ് പ്ലാനേഴ്‌സ് മൂന്നു വര്‍ഷത്തിനിടെ ഒട്ടേറെ ആല്‍ബങ്ങള്‍ വെള്ളത്തിനടിയില്‍നിന്നു ഷൂട്ട് ചെയ്തു.

അണ്ടര്‍വാട്ടര്‍ ഫൊട്ടോഗ്രഫിയുടെ ചിത്രങ്ങളും വിഡിയോകളും വെബ്‌സൈറ്റില്‍ വൈറല്‍ ആയതോടെ സംസ്ഥാനത്തിന്റെ പുറത്തുനിന്നും ആവശ്യക്കാരുടെ വിളി വന്നു. നീന്തല്‍ അറിഞ്ഞില്ലെങ്കിലും വെള്ളത്തിനടിയില്‍ അല്‍പ്പനേരം ശ്വാസംപിടിച്ചു നില്‍ക്കാനുള്ള കഴിവു വേണം. വെള്ളത്തിനടിയില്‍ വച്ചു കുടുംബ ഫോട്ടോ എടുക്കാനും തയാറായുള്ളവരുണ്ടത്രെ. ഇത്തരത്തിലുള്ള ആല്‍ബങ്ങള്‍ക്ക് 75,000 രൂപ വില വരും. പുഴയിലും കടലിലും ഇറങ്ങി ഫോട്ടോ എടുക്കാമെങ്കിലും ഫോട്ടോയുടെ ക്ലാരിറ്റിയും റിസല്‍ട്ടും ഒരു വിഷയമായതിനാല്‍ കൂടുതലായും പൂളുകളാണ് തിരഞ്ഞെടുക്കാറ്. കടലിന്റെ ഉള്‍ഭാഗം പൂളില്‍ സെറ്റിട്ടും ഫോട്ടോ എടുക്കും.

ഇത്തരത്തിലുള്ള ഫോട്ടോ എടുക്കാന്‍ ഉപയോഗിക്കുന്നത് ഫൈവ്ഡി മാര്‍ക്ക് ടു ക്യാമറയാണ്. ഇതില്‍ അണ്ടര്‍വാട്ടര്‍ ഹൗസിങ് ഉപയോഗിച്ചാണ് വെള്ളത്തില്‍ ഇറക്കുക. ആവശ്യക്കാരന്റെ ഇഷ്ടത്തിനനുസരിച്ചു പൂളില്‍ കടലിന്റെ ഉള്‍ഭാഗം ചിത്രീകരിക്കണമെങ്കില്‍ വിവിധ തരത്തിലുള്ള ലൈറ്റുകളും സെറ്റ് ചെയ്യുമെന്നു മാനേജിങ് ഡയറക്ടര്‍ അരുണ്‍ വി. നായര്‍ പറയുന്നു. ആശയവിനിമയത്തിനു കൂടുതല്‍ ബുദ്ധിമുട്ടായതിനാല്‍ എടുക്കാന്‍ പോകുന്ന രംഗങ്ങളും മറ്റും മുന്‍കൂട്ടി വരച്ചുകാണിക്കും, മേക്കപ്പിന്റെ ആവശ്യമില്ല, ഒഴുകിനടക്കുന്ന മുടിയും വസ്ത്രങ്ങളും ചിത്രത്തിന് അഴകു കൂട്ടുന്നു.


Keywords: photoshoot, trent, underwater photography, malabar, mangal suthra wedding planners, clarity, fiveD mark 2 camera,

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.