അബുദാബി:[www.malabarflash.com] ഒന്നര മാസത്തോളം നീണ്ട ത്യാഗപൂര്‍ണമായ ലോഞ്ച് യാത്ര കുഞ്ഞിമുഹമ്മദിന് മറക്കാന്‍ കഴിയുന്നില്ല. 1974 ഡിസംബര്‍ മൂന്നിനാണ് ബേപ്പൂരില്‍ നിന്നും ദുബൈയിലേക്ക് യാത്ര പുറപ്പെട്ടത്. ഖത്തര്‍ സ്വദേശിയുടെ ചരക്ക് ലോഞ്ചായിരുന്നു. 300 രൂപ നല്‍കി. 41 ദിവസം സാഹസിക യാത്ര ചെയ്താണ് രഹസ്യമായി ദുബൈ കടപ്പുറത്ത് ഇരുട്ടിന്റെ മറവില്‍ ലോഞ്ചിറങ്ങിയത്.
വെള്ളവും ഭക്ഷണവും കുറവായിരുന്നു. ചരക്കുകളുടെ ഇടയില്‍ ഒളിച്ച് താമസിച്ചാണ് 110 യാത്രക്കാര്‍ എത്തിയത്. ഇതിനിടയില്‍ മസ്‌കറ്റില്‍ 10 ദിവസം ലോഞ്ച് നിര്‍ത്തിയിട്ടിരുന്നു. ഈ ദിവസത്തില്‍ കുളിച്ച് വസ്ത്രങ്ങള്‍ അലക്കി വിശ്രമിച്ചാണ് ദുബൈയിലേക്ക് യാത്ര തുടര്‍ന്നതെന്നും കുഞ്ഞിമുഹമ്മദ് ഓര്‍ത്തെടുത്തു.
10 വയസില്‍ തന്നെ കുഞ്ഞിമുഹമ്മദ് സ്വദേശം വിട്ടിരുന്നു. മദ്രാസ്, ബോംബെ, കല്‍ക്കത്ത, ഡല്‍ഹി, കാശ്മീര്‍ എന്നിവിടങ്ങളില്‍ 10 വര്‍ഷത്തോളം ജോലി ചെയ്ത ഇദ്ദേഹം 20-ാം വയസിലാണ് ബേപ്പൂരില്‍ നിന്നും ഗള്‍ഫിലേക്ക് ലോഞ്ച് കയറിയത്.
മറ്റൊരു ലോഞ്ച് തിരമാലകളില്‍ അകപ്പെട്ട് തകര്‍ന്ന കാഴ്ച ഇദ്ദേഹത്തിന് മറക്കാനാവില്ല. തകര്‍ന്ന ലോഞ്ചില്‍ നിരവധി മലയാളികളുണ്ടായിരുന്നു. തിരമാലയിലകപ്പെട്ട് ലോഞ്ചിലുണ്ടായിരുന്നവര്‍ മുങ്ങിമരിച്ചതായി ഇദ്ദേഹം പറയുന്നു. കുഞ്ഞിമുഹമ്മദ് സഞ്ചരിച്ചിരുന്ന ലോഞ്ചിന്റെ എണ്ണയും തീര്‍ന്നിരുന്നെങ്കിലും സമീപത്ത്കൂടി പോവുകയായിരുന്ന ഇറാനിയന്‍ കപ്പല്‍ സഹായിച്ചതുകൊണ്ട് രക്ഷപ്പെടുകയായിരുന്നു.
യു എ ഇയിലെത്തിയ കുഞ്ഞിമുഹമ്മദ് അബുദാബി സീപോര്‍ട്ടിലായിരുന്നു ആദ്യത്തെ അഞ്ച് വര്‍ഷം ജോലി ചെയ്തത്. പിന്നീടുള്ള അഞ്ച് വര്‍ഷം അല്‍ ജസീറ ഹോസ്പിറ്റലിലും തുടര്‍ന്നുള്ള 30 വര്‍ഷം മര്‍ക്കസി മാര്‍ക്കറ്റ്, ലണ്ടന്‍ മാര്‍ക്കറ്റ്, മിന വെജിറ്റബിള്‍ ബസാര്‍ എന്നിവിടങ്ങളിലായിരുന്നു ജോലി.
മിന വെജിറ്റബിള്‍ മാര്‍ക്കറ്റില്‍ ആശാന്‍ എന്ന് വിളിക്കുന്ന നെടിയോടത്ത് കുഞ്ഞിമുഹമ്മദിന് സഹപ്രവര്‍ത്തകര്‍ ഹൃദ്യമായ യാത്രയയപ്പാണ് നല്‍കിയത്. പരിപാടിക്ക് ശാഫി നേതൃത്വം നല്‍കി.
-റാശിദ് പൂമാടം
Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment