Latest News

അനയ് മോനുവേണ്ടി കാരുണ്യ വണ്ടികള്‍ ഓടി; ഒറ്റ ട്രിപ്പിന് റിച്ചു ബസിന് സംഭാവനയായി കിട്ടിയത് മുക്കാല്‍ ലക്ഷം രൂപ

കാഞ്ഞങ്ങാട്:[www.malabarflash.com] അനയ് മോനുവേണ്ടി കാരുണ്യ വണ്ടികള്‍ ഓട്ടം നടത്തി. മാരകമായ അര്‍ബുദ രോഗം ബാധിച്ച് തിരുവനന്തപുരം റിജിണല്‍ ക്യാന്‍സര്‍ സെന്‍ററില്‍ ചികിത്സയില്‍ കഴിയുന്ന ഒടയംചാല്‍ പടിമരുതിലെ സതീശന്‍റെയും ലതികയുടെയും മകന്‍ അനയ് എന്ന മൂന്നു വയസുകാരന്‍റെ ചികിത്സാ ധനസഹായ നിധിയിലേക്ക് പണം കണ്ടെത്താന്‍ കരുണ വറ്റാത്ത ഒരു കൂട്ടം ബസ് ഉടമകളും ജീവനക്കാരും ഒത്തുചേര്‍ന്നപ്പോള്‍ അത് മാനവികതയുടെ മകുടോദാഹരണമായി മാറി.

പാണത്തൂര്‍-കാഞ്ഞങ്ങാട്-നീലേശ്വരം-ചാളക്കടവ് റൂട്ടിലോടുന്ന റിച്ചു ബസും കാഞ്ഞങ്ങാട്-മാലക്കല്ല്-ബന്തടുക്ക റൂട്ടിലോടുന്ന കുടജാദ്രി ബസും വെളളിയാഴ്ച സര്‍വ്വീസ് നടത്തുന്നത് ടിക്കറ്റ് നിരക്ക് ഈടാക്കാതെയാണ്. ബസില്‍ കയറുന്ന യാത്രക്കാര്‍ നല്‍കുന്ന സംഭാവന ഏറ്റുവാങ്ങി ആ തുക അത്രയും ചികിത്സാ സഹായ കമ്മിറ്റിയെ ഏല്‍പ്പിക്കാനാണ് തീരുമാനം. വെളളിയാഴ്ച റിച്ചു ബസിന്‍റെ കാരുണ്യ യാത്ര കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍മാന്‍ വി.വി.രമേശന്‍ ഫ്ളാഗ് ഓഫ് ചെയ്തു.

ജീവകാരുണ്യ സംഘടനയായ ഹോപ്പിന്‍റെ സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ കെ.പി.ഷാഹുല്‍ ഹമീദ് ആദ്യ സംഭാവന നല്‍കി. വി.വി.രമേശന്‍ കണ്ടക്ടര്‍ അഷ്റഫിന് പതാക കൈമാറിയതോടെ ബസ് യാത്ര തുടങ്ങി. വിവിധ കേന്ദ്രങ്ങളില്‍ സന്നദ്ധ സംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളും സ്കൂള്‍ വിദ്യാര്‍ത്ഥികളും തൊഴിലാളികളും ഈ ബസിനെ സ്വീകരിക്കുകയും തങ്ങള്‍ക്ക് കഴിയാവുന്ന സംഭാവന കൈമാറുകയും ചെയ്തു.
കിഴക്കുംകരക്കടുത്ത മണലില്‍ മെട്രോ ക്ലബ്ബ് പ്രവര്‍ത്തകരും കോട്ടപ്പാറയില്‍ യുവമോര്‍ച്ച പ്രവര്‍ത്തകരും പാറപ്പള്ളിയില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകരും അട്ടേങ്ങാനത്ത് ഓട്ടോ ഡ്രൈവര്‍മാരും നാട്ടുകാരും ഒടയംചാലില്‍ ചികിത്സാ സഹായനിധി ഭാരവാഹികളും എന്‍ഡോസള്‍ഫാന്‍ പീഡിത മുന്നണി പ്രവര്‍ത്തകരും ചുമട്ട് തൊഴിലാളികളും ഓട്ടോ ഡ്രൈവര്‍മാരും ബസിനെ സ്വീകരിച്ചു. 

കോടോത്ത് സ്കൂള്‍ വിദ്യാര്‍ത്ഥി ദേവനന്ദന്‍ തന്‍റെ ജന്മദിനം ആഘോഷിക്കാന്‍ സൂക്ഷിച്ച പണം അനയ് മോന്‍റെ ചികിത്സക്കായി കൈമാറി. ചുള്ളിക്കരയില്‍ വ്യാപാരി വ്യവസായി സമിതി പ്രവര്‍ത്തരും കാരുണ്യ വണ്ടിയെ സ്വീകരിക്കാനെത്തിയിരുന്നു.

മാവുങ്കാല്‍ രാംനഗര്‍ സ്വാമി രാംദാസ് ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികളും അമ്പലത്തറയില്‍ ജനനി സംഘടനാ പ്രവര്‍ത്തകരും ഈ കാരുണ്യ പ്രവര്‍ത്തനത്തിന് പിന്തുണയുമായി രംഗത്തെത്തി. വെളളിയാഴ്ച ഒറ്റ ട്രിപ്പ് യാത്രയില്‍ സംഭാവനയായി പിരിഞ്ഞു കിട്ടിയത് 75, 067 രൂപയായിരുന്നു. ഉച്ചക്ക് ശേഷവും ബസ് യാത്ര തുടരുന്നുണ്ട്. അതും ടിക്കറ്റില്ലാ യാത്ര തന്നെ. സംഭാവനക്ക് ബസില്‍ നിന്ന് രശീതി നല്‍കുന്നുണ്ട്. നാട്ടുകാരെ വിവരമറിയിക്കാന്‍ ഉച്ചഭാഷിണി ഘടിപ്പിച്ചാണ് ബസ് യാത്ര മുന്നോട്ട് നീങ്ങിയത്.
കാഞ്ഞങ്ങാട്-മാലക്കല്ല്-ബന്തടുക്ക റൂട്ടിലോടുന്ന കുടജാദ്രി ബസും വെളളിയാഴ്ച കാരുണ്യ വഴിയില്‍ തന്നെയായിരുന്നു. സംഭാവനയായി ആ ബസിന് ആദ്യ ട്രിപ്പില്‍ 19,500 രൂപ പിരിഞ്ഞു കിട്ടിയിട്ടുണ്ട്.



Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.