Latest News

കണ്ണൂർ സ്വദേശിയായ ഭര്‍ത്താവിനൊപ്പം താമസിക്കാൻ ഇന്ത്യയിലെത്തിയ പാക് യുവതി ബെഗളൂരുവില്‍ അറസ്റ്റില്‍

ബെംഗളൂരു: കണ്ണൂർ സ്വദേശിയായ ഭര്‍ത്താവിനൊപ്പം താമസിക്കാൻ ഇന്ത്യയിലെത്തിയ പാക് യുവതി ബെഗളൂരുവില്‍ അറസ്റ്റില്‍. യുവതിക്കൊപ്പമുണ്ടായിരുന്ന മറ്റ് രണ്ട് പാകിസ്താനികളും അറസ്റ്റിലായിട്ടുണ്ട്.[www.malabarflash.com] 

വ്യാജ തിരിച്ചറിയല്‍ രേഖകളുപയോഗിച്ചാണ് ഇവര്‍ ബെംഗളൂരുവില്‍ താമസിച്ചിരുന്നത്. ഇവര്‍ക്ക് സഹായം ചെയ്തുകൊടുത്ത മലയാളിയും പാക് യുവതിയുടെ ഭര്‍ത്താവുമായ കണ്ണൂര്‍ സ്വദേശി മുഹമ്മദ് ഷിഹാബും അറസ്റ്റിലായിട്ടുണ്ട്.

കറാച്ചി സ്വദേശികളായ കിരണ്‍ ഗുലാം അലി, സമീറ അബ്ദുള്‍ റഹ്മാന്‍, ഖാസിഫ് ഷംസുദ്ദീന്‍ എന്നിവരെയാണ് കുമാരസ്വാമി ലേ ഔട്ടിലെ യാരബ് നഗരയില്‍ നിന്ന് അറസ്റ്റ് ചെയത്. സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് പോലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. പിടിയിലായവര്‍ക്ക് തീവ്രവാദ ബന്ധമില്ലെന്നാണ് പോലീസ് പറയുന്നത്.

ഖത്തറില്‍ ജോലി ചെയ്യുമ്പോഴാണ് മുഹമ്മദ് ഷിഹാബ് പാകിസ്താനികളെ പരിചയപ്പെട്ടത്. ഈ പരിചയമാണ് സമീറയുമായി പ്രണയത്തിലേക്കും വിവാഹത്തിലുമെത്തിയതെന്നും പോലീസ് പറയുന്നു. ഇവര്‍ തമ്മിലുള്ള ബന്ധം എന്തോ കാരണത്താല്‍ നഷ്ടമായി. ഇതുവീണ്ടെടുക്കാനാണ് സമിറ ഇന്ത്യയിലെത്തിയത്. ഒമ്പത് മാസം മുമ്പാണ് ഇവർ ബെംഗളൂരിവിലെത്തിയതെന്ന് സിറ്റി പോലീസ് കമ്മിഷണര്‍ പ്രവീണ്‍ സൂദ് പറഞ്ഞു.

സമീറയുടെ സുഹൃത്തുക്കളാണ് അറസ്റ്റിലായ കിരണ്‍ ഗുലാം അലിയും ഖാസിഫ് ഷംസുദ്ദീനും. ഇവര്‍ പ്രണയിച്ച് വിവാഹം കഴിച്ചവരാണ്. എന്നാല്‍ ഇവരുടെ വിവാഹത്തിന് ബന്ധുക്കള്‍ എതിരായിരുന്നു. ബന്ധുക്കളുമായി ഉണ്ടായ പ്രശ്‌നങ്ങളെ തുടര്‍ന്നാണ് ഇവര്‍ സമീറക്കൊപ്പം ഇന്ത്യയിലെത്തിയതെന്നാണ് വിവരം. ഇവര്‍ക്കായി തിരിച്ചറിയല്‍ രേഖകള്‍ തയ്യാറാക്കി നല്‍കിയതും താമസ സൗകര്യങ്ങള്‍ ഒരിക്കിയതും മുഹമ്മദ് ഷിഹാബാണെന്നാണ് വിവരം.

ഇവരുടെ പക്കല്‍ മതിയായ യാത്രാ രേഖകള്‍ ഒന്നുംതന്നെ ഉണ്ടായിരുന്നില്ല . എന്നാല്‍ ആധാര്‍ കാര്‍ഡുകള്‍, വോട്ടേഴ്സ് ഐഡന്ററ്റി കാര്‍ഡുകള്‍ എന്നിവ ഉണ്ടായിരുന്നു. നേപ്പാൾ വഴിയാണ് ഇവർ ഇന്ത്യയിലെത്തിയത്. ഇവരെ ചോദ്യം ചെയ്തു വരികയാണെന്നും കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താറായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. എന്തെങ്കിലും സംശയകരമായ പ്രവര്‍ത്തനങ്ങളില്‍ ഇവര്‍ ഏര്‍പ്പെട്ടിരുന്നുവോയെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്.

Keywords: National  News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.