Latest News

പി.ടി.തോമസിനെ അപായപ്പെടുത്താൻ ശ്രമം; കാറിന്റെ ടയറുകൾ ഇളക്കിയ നിലയിൽ

കൊച്ചി: കോൺഗ്രസ് നേതാവും തൃക്കാക്കര എംഎൽഎയുമായ പി.ടി. തോമസിനെ അപായപ്പെടുത്താൻ ശ്രമം നടന്നതായി സംശയം. എംഎൽഎയുടെ വാഹനത്തിന്റെ നാലു ടയറുകളുടെയും ബോൾട്ടുകൾ ഇളക്കിയ നിലയിൽ കണ്ടെത്തിയതാണ് സംശയം ജനപ്പിച്ചത്. ഞായറാഴ്ച വൈകിട്ടാണ് സംഭവം.[www.malabarflash.com]

കിഴക്കമ്പലത്തെ പരിപാടിയിൽ പങ്കെടുക്കാനായി പോകുമ്പോൾ ഒരു വഴിയാത്രക്കാരനാണ് എംഎൽഎയുടെ കാറിന്റെ ടയർ ഊരിത്തെറിക്കാറായതു ശ്രദ്ധയിൽപ്പെടുത്തിയത്. തുടർന്നു നടത്തിയ പരിശോധനയിൽ കാറിന്റെ നാലു ടയറുകളും ഇളകി കിടക്കുന്നതായി കണ്ടെത്തി. ടയറുകളുടെ ബോൾട്ട് ആരോ ബോധപൂർവം ഇളക്കിയതാണെന്നാണ് സംശയം.

പ്രധാനപാതയിലേക്ക് കടക്കുന്നതിനു തൊട്ടുമുൻപ് സംഭവം ശ്രദ്ധയിൽപ്പെട്ടതിനാൽ വലിയ അപകടമാണ് ഒഴിവായത്. സംഭവത്തേക്കുറിച്ച് പി.ടി. തോമസ് പാലാരിവട്ടം പോലീസിൽ പരാതി നൽകി.

കൊച്ചിയിൽ യുവനടി അതിക്രമത്തിന് ഇരയായ കേസിൽ പ്രതികളെ പിടികൂടുന്നതിന് സജീവമായ ഇടപെടലാണ് പി.ടി. തോമസ് തുടക്കം മുതൽ നടത്തുന്നത്. നടി ആക്രമിക്കപ്പെട്ട ഉടൻ വിവരമറിഞ്ഞ എംഎൽഎ സ്ഥലത്തെത്തുകയും നടിയുമായി സംസാരിക്കുകയും ചെയ്തിരുന്നു. തുടർന്ന് എംഎൽഎയാണ് വിവരം പോലീസിൽ റിപ്പോർട്ട് ചെയ്തതും. കേസിന്റെ അന്വേഷണ പുരോഗതി കൃത്യമായി വിലയിരുത്തുന്ന അദ്ദേഹം, കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ പലപ്പോഴും വിമർശനം ഉന്നയിച്ചിരുന്നു. കേസിലെ മുഖ്യപ്രതിയായ പൾസർ സുനിക്ക് മനുഷ്യക്കടത്തു സംഘവുമായി ബന്ധമുണ്ടെന്നും ഇതേക്കുറിച്ച് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് അദ്ദേഹം മുഖ്യമന്ത്രിക്ക് കത്തു നൽകുകയും ചെയ്തിരുന്നു.

കേസുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം എംഎൽഎയുടെ മൊഴിയെടുത്തത് കഴിഞ്ഞ ദിവസമാണ്. ഈ കേസുമായുള്ള ബന്ധമാണോ എംഎൽഎയെ അപായപ്പെടുത്താനുള്ള ശ്രമത്തിന്റെ പിന്നിലെന്നാണ് പോലീസ് സംശയിക്കുന്നത്. എന്നാൽ സംഭവത്തെക്കുറിച്ചു പ്രതികരിക്കാൻ എംഎൽഎ തയാറായിട്ടില്ല.






Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.