Latest News

ആദൂര്‍ സി ഐ സിനിമയില്‍ എസ്‌ ഐ ആയി തകര്‍ത്തു; രാജീവ്‌ രവിയുടെ പുതിയ സിനിമയിലേയ്‌ക്കു ക്ഷണം

കാസര്‍കോട്‌: ദിലീഷ്‌ പോത്തന്‍ സംവിധാനം ചെയ്‌ത `തൊണ്ടിമുതലും ദൃക്‌സാക്ഷിയും’ എന്ന സിനിമയില്‍ എസ്‌ ഐ ആയി അഭിനയിച്ച ആദൂര്‍ സി ഐ സിബി തോമസിനു അഭിനന്ദനപ്രവാഹം.[www.malabarflash.com] 

പാതിരാത്രിവരെ അഭിനന്ദനപ്രവാഹം തുടര്‍ന്നതിനു പിന്നാലെ കമ്മട്ടിപ്പാടം ഫെയിം രാജീവ്‌ രവിയുടെ പുതിയ സിനിമയിലേയ്‌ക്കു ക്ഷണവും.
കോളേജ്‌ പഠന കാലത്ത്‌ നാടകത്തില്‍ തിളങ്ങുന്ന അഭിനയത്തിന്റെ ഉടമയായിരുന്നു വെള്ളരിക്കുണ്ട്‌ ചുള്ളിയിലെ സിബിതോമസ്‌. ഒട്ടേറെ നാടകങ്ങളില്‍ നിറഞ്ഞാടിയ അദ്ദേഹത്തിന്റെ മോഹം സിനിമയില്‍ എത്തുക എന്നതായിരുന്നു. അതിനാല്‍ കോളേജ്‌ പഠനത്തിനു ശേഷം പൂനഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍ ചേര്‍ന്നു പഠനം തുടങ്ങി. അതിനിടയിലാണ്‌ എസ്‌ ഐ സെലക്ഷന്‍ കിട്ടിയത്‌. ഇതോടെ അഭിനയമോഹത്തോട്‌ വിടപറഞ്ഞു. 
കാസര്‍കോട്‌ ജില്ലയിലെ വിവിധ പോലീസ്‌ സ്റ്റേഷനുകളില്‍ എസ്‌ ഐ ആയി ജോലിനോക്കിയ അദ്ദേഹം കുറച്ചു വര്‍ഷം കേന്ദ്ര ഇന്റലിജന്‍സ്‌ ബ്യൂറോയിലും ജോലി നോക്കി. പ്രമോഷനായതോടെ വീണ്ടും പോലീസില്‍ തിരിച്ചെത്തി. ആദൂര്‍ സി ഐ ആയാണ്‌ നിലവില്‍ ജോലി ചെയ്യുന്നത്‌. 

പോലീസിലെ തിരക്കു പിടിച്ച ജോലികള്‍ക്കിടയിലും കലയും കവിതയും അഭിനയവും മുറുകെ പിടിച്ചു. `പച്ചമരം’ എന്ന പേരില്‍ കവിതാ ആല്‍ബവും പുറത്തിറക്കി. ഇതിനിടയിലാണ്‌ ദിലീഷ്‌പോത്തന്‍ സംവിധാനം ചെയ്‌ത `തൊണ്ടിമുതലും ദൃക്‌സാക്ഷിയും’ എന്ന സിനിമയില്‍ അവസരം തേടിയെത്തിയത്‌. 

കാസര്‍കോട്ടെ ഷേണി പോലീസ്‌ സ്റ്റേഷനിലെ എസ്‌ ഐ സാജന്‍ മാത്യു എന്ന കഥാപാത്രമാണ്‌ സിബിതോമസിനു ലഭിച്ചത്‌. സിനിമയില്‍ ഒരു സ്റ്റാര്‍ കുറവാണെങ്കിലും അഭിനയത്തില്‍ വലിയ സ്റ്റാറായി തീര്‍ന്നിരിക്കുകയാണ്‌ സിബി തോമസ്‌ ഒരൊറ്റ സിനിമയിലൂടെ. 
വെള്ളിയാഴ്ച്ചയാണ്  ചിത്രം റിലീസായത്‌. സിബിക്കൊപ്പം ജില്ലയിലെ പോലീസുകാരായ ടി വി ഷീബ, ടി.സരള, ബാബുദാസ്‌ കോടോത്ത്‌, അശോകന്‍ കള്ളാര്‍, സജിത്ത്‌ പടന്ന, ചരാവതി എന്നിവരും അഭിനയിച്ചിട്ടുണ്ട്‌. 

സിനിമ കണ്ടയുടന്‍ ആദ്യം വിളിച്ചത്‌ സംവിധായകന്‍ രാജീവ്‌ രവിയാണ്‌. പിന്നീട്‌ നായകന്‍ ഫഹദ്‌ അടക്കമുള്ളവര്‍ വിളിച്ചു അഭിനന്ദനം അറിയിച്ചു. രാത്രി വൈകിയാണ്‌ ജില്ലാകളക്‌ടര്‍ കെ ജീവന്‍ ബാബു വിളിച്ച്‌ അഭിനന്ദനം അറിയിച്ചത്‌. കാസര്‍കോട്ടും പരിസരത്തുമാണ്‌ `തൊണ്ടിമുതലും ദൃക്‌സാക്ഷിയും’ ചിത്രീകരിച്ചത്‌. സിബിതോമസ്‌ ഭാര്യ എലിസബത്തിനൊപ്പമാണ്‌ സിനിമ കാണാന്‍ എത്തിയത്‌.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.