Latest News

ത്രയംബകേശ്വരനു മുന്നില്‍ പിതൃമോക്ഷ പുണ്യം തേടി ആയിരങ്ങള്‍

ഉദുമ: ദക്ഷിണകാശി എന്നറിയപ്പെടുന്ന തൃക്കണ്ണാട്‌ ത്രയംബകേശ്വര ക്ഷേത്രത്തില്‍ കര്‍ക്കിടക വാവിന്റെ പുണ്യം തേടി ആയിരങ്ങള്‍ പിതൃതര്‍പ്പണം നടത്തി.[www.malabarflash.com]

പിതൃക്കളെ സ്‌മരിക്കാനും അവരുടെ ആത്മശാന്തിക്ക്‌ വേണ്ടി പ്രാര്‍ത്ഥിക്കാനും ക്ഷേത്രത്തിലേക്ക്‌ അതിരാവിലെ മുതല്‍ വന്‍ ജനപ്രവാഹമായിരുന്നു. ചിലര്‍ ശനിയാഴ്ച തന്നെ ക്ഷേത്രത്തിലെത്തി തങ്ങി. പുലര്‍ച്ചെ തന്നെ ബലിതര്‍പ്പണം ആരംഭിച്ചു.

ക്ഷേത്രം മേല്‍ശാന്തി നവീന്‍ ചന്ദ്രകായര്‍ത്തായയുടെ നേതൃത്വത്തില്‍ വിശേഷാല്‍ തിലഹവനാദി ക്രിയകളും മറ്റും നടന്നു. ഇരുപതിലധികം പുരോഹിതന്മാരാണ്‌ ബലി തര്‍പ്പണത്തിന്‌ നേതൃത്വം നല്‍കിയത്‌. ശീവേലിക്കും പൂജക്കും ശേം അതിരാവിലെ തന്നെ പിതൃതര്‍പ്പണ ചടങ്ങുകള്‍ ആരംഭിച്ചു.

ക്ഷേത്രക്കുളത്തില്‍ തീര്‍ത്ഥസ്‌നാനം നടത്തി ക്ഷേത്രമേല്‍ശാന്തിക്ക്‌ ദക്ഷിണ നല്‍കി അരിയും പൂവും വാങ്ങി ക്ഷേത്രാഭിമുഖമുള്ള കടല്‍തീരത്താണ്‌ തര്‍പ്പണ ചടങ്ങുകള്‍ നടന്നത്‌. ബലിതര്‍പ്പണത്തിനായി തിരക്ക്‌ കണക്കിലെടുത്ത്‌ വന്‍ ഒരുക്കങ്ങളാണ്‌ നടത്തിയത്‌.

കര്‍ക്കിടക മാസത്തിലെ കറുത്തവാവ്‌ ദിനത്തില്‍ ബലിയിട്ടാല്‍ പിതൃക്കള്‍ക്ക്‌ ആത്മശാന്തി ലഭിക്കുമെന്നാണ്‌ വിശ്വാസം. തലേനാള്‍ വ്രതമെടുത്ത്‌ കറുത്ത വാവ്‌ ദിനത്തില്‍ കുളിച്ച്‌ ശുദ്ധി വരുത്തി ഈറനോടെ മണ്‍മറഞ്ഞു പോയ പൂര്‍വ്വികരെ മനസ്സില്‍ ധ്യാനിച്ച്‌ അവരുടെ ആത്മശാന്തിക്കായി ബലിയിടുന്നത്‌ പുണ്യമാണെന്നാണ്‌ വിശ്വാസം.










Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.