Latest News

ഉഴവൂര്‍ വിജയന്‍ അന്തരിച്ചു

കൊച്ചി: എന്‍സിപി സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയന്‍ (60) അന്തരിച്ചു.കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഞായറാഴ്ച രാവിലെ 6.45 ഓടെയായിരുന്നു അന്ത്യം.[www.malabarflash.com]

കരള്‍ രോഗത്തെതുടര്‍ന്ന് ഈ മാസം 11 മുതല്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ആരോഗ്യ നില മോശമായതിനെ തുടര്‍ന്ന് അദ്ദേഹത്തെ കഴിഞ്ഞദിവസം വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു.
കോട്ടയം ഉഴവൂര്‍ കാരാംകുന്നേല്‍ ഗോപാലന്‍-കമലാ ദമ്പതികളുടെ മകനാണ് അദ്ദേഹം. നര്‍മ്മം കലര്‍ത്തിയുളള തന്റെ സ്വതസിദ്ധമായ ശൈലിയിലുളള പ്രസംഗത്തിലൂടെ ഏറെ ശ്രദ്ധേയനായിരുന്നു ഉഴവൂര്‍ വിജയന്‍. കോണ്‍ഗ്രസിലൂടെ രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയ അദ്ദേഹം പിന്നീട് കോണ്‍ഗ്രസ്(എസ്)ലെത്തുകയും അതുവഴി എന്‍സിപിയില്‍ എത്തുകയുമായിരുന്നു. 

2001ല്‍ കെ.എം മാണിക്കെതിരെ പാലായില്‍ മത്സരിച്ചതായിരുന്നു അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പ് പോരാട്ടം. മലീനികരണ നിയന്ത്രണ ബോര്‍ഡ്, എഫ്‌സിഐ ഉപദേശക സമിതി എന്നിവയില്‍ അംഗമായിരുന്നു അദ്ദേഹം. 

നേതൃത്വത്തെക്കുറിച്ചുളള തര്‍ക്കങ്ങള്‍ എന്‍സിപിയില്‍ ഉടലെടുക്കുന്ന കാലത്താണ് അദ്ദേഹത്തിന്റെ വിയോഗവും.
മുന്‍ മന്ത്രി എ.കെ. ശശീന്ദ്രന്‍ എംഎല്‍എ, ടി.പി.പീതാംബരന്‍ മാസ്റ്റര്‍ എന്നിവര്‍ അടക്കമുള്ളവര്‍ ആശുപത്രിയില്‍ എത്തിയിരുന്നു. സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആശുപത്രിയില്‍ എത്തി അദ്ദേഹത്തെ സന്ദര്‍ശിച്ചിരുന്നു.
കോണ്‍ഗ്രസ് (എസ്) ജില്ലാ പ്രസിഡന്റ്, ദേശീയ സമിതി അംഗം, എന്‍സിപിയുടെ തൊഴിലാളി വിഭാഗമായ ഐഎന്‍എല്‍സി സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ്, കേന്ദ്ര പൊതുമേഖലാ വ്യവസായ തൊഴിലാളി ഫെഡറേഷന്‍ അഖിലേന്ത്യാ പ്രസിഡന്റ് എന്നീ പദവികളടക്കം നിരവധി ട്രേഡ് യൂണിയനുകള്‍ക്ക് നേതൃത്വം നല്‍കി.

വള്ളിച്ചിറ നെടിയാമറ്റത്തില്‍ ചന്ദ്രമണിയമ്മയാണ് ഭാര്യ. മക്കള്‍: വന്ദന, വര്‍ഷ




Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.