Latest News

  

വരകളും വര്‍ണ്ണങ്ങളും കൊണ്ട് ജീവിതത്തെ ചിത്രപ്പെടുത്തിയ ആര്‍ട്ടിസ്റ്റ് കൃഷ്ണന്‍ മാഷെ കാസര്‍കോട്ടെ പൗരാവലി ആദരിക്കുന്നു

കാസര്‍കോട്: വരകളും വര്‍ണ്ണങ്ങളും കൊണ്ട് ജീവിതത്തെ ചിത്രപ്പെടുത്തിയ ആര്‍ട്ടിസ്റ്റ് കൃഷ്ണന്‍ മാഷെ കാസര്‍കോട്ടെ പൗരാവലി ആദരിക്കുന്നു. മൂന്ന് ദിവസം നീളുന്ന വൈവിധ്യമാര്‍ന്ന പരിപാടികളോടെയാണ് കേരളം മുഴുവന്‍ നിറഞ്ഞു നില്‍ക്കുന്ന കൃഷ്ണന്‍മാഷിന് ആദരം നല്‍കുന്നത്.[www.malabarflash.com] 

കാര്‍ട്ടൂണ്‍ പ്രദര്‍ശനം, കവിയരങ്ങ്, കാര്‍ട്ടൂണ്‍ ക്യാമ്പ്, ആദരസമ്മേളനം, പ്രശസ്ത ഗസല്‍ മാന്ത്രികന്‍ ഷഹബാസ് അമന്റെ ഗസല്‍ സായാഹ്നം എന്നിവയാണ് പരിപാടികള്‍. ഈ മാസം 15, 16, 17 തിയതികളില്‍ മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാള്‍, സന്ധ്യാരാഗം ഓഡിറ്റോറിയം, മുനിസിപ്പല്‍ ടൗണ്‍ ഹാള്‍ എന്നിവിടങ്ങളിലായാണ് പരിപാടി. 

15ന് രാവിലെ മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ 10 മണിക്ക് കാര്‍ട്ടൂണ്‍ പ്രദര്‍ശനം കാസര്‍കോടിന്റെ കാര്‍ട്ടൂണിസ്റ്റ് കെ.എ അബ്ദുല്‍ ഗഫൂര്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യും.
പി.വി കൃഷ്ണന്‍മാഷുടെ കാര്‍ട്ടൂണുകള്‍, ചരിത്രം കുറിച്ചിട്ട ഫോട്ടോകള്‍, പോസ്റ്ററുകള്‍, മുഖചിത്രങ്ങള്‍ എന്നിവ സെപ്തംബര്‍ 15 മുതല്‍ 17വരെ കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ പ്രദര്‍ശിപ്പിക്കും. 15ന് വൈകിട്ട് 3 മണിക്ക് സന്ധ്യാരാഗം ഓഡിറ്റോറിയത്തില്‍ നടക്കുന്ന കവിയരങ്ങ് പ്രശസ്ത കവി വീരാന്‍ കുട്ടി ഉദ്ഘാടനം ചെയ്യും. പി.എസ് ഹമീദ് അധ്യക്ഷത വഹിക്കും. പ്രശസ്ത കവികള്‍ കവിതകള്‍ അവതരിപ്പിക്കും. 

16ന് രാവിലെ മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന കാര്‍ട്ടൂണ്‍ ക്യാമ്പ് കാര്‍ട്ടൂണിസ്റ്റ് സഗീര്‍ ഉദ്ഘാടനം ചെയ്യും. ടി.കെ സുജിത്, പി.വി കൃഷ്ണന്‍, കാര്‍ട്ടൂണിസ്റ്റ് സഗീര്‍, കെ.എ അബ്ദുല്‍ ഗഫൂര്‍ എന്നിവര്‍ ക്ലാസെടുക്കും. വൈകിട്ട് 3 മണിക്ക് കാര്‍ട്ടൂണ്‍ രചനാ മത്സരം നടക്കും. 17ന് വൈകിട്ട് 4 മണിക്ക് ആദരസമ്മേളനം നടക്കും. 

സംഘാടക സമിതി ചെയര്‍മാന്‍ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ.യുടെ അധ്യക്ഷതയില്‍ കഥാകൃത്ത് സുഭാഷ് ചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. റവന്യുമന്ത്രി ഇ. ചന്ദ്രശേഖരന്‍ ആദരസമര്‍പ്പണം നിര്‍വ്വഹിക്കും. കെ. കുഞ്ഞിരാമന്‍ എം.എല്‍.എ., പി.ബി അബ്ദുല്‍ റസാഖ് എം.എല്‍.എ എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. 

സുവനീര്‍ പ്രകാശനം സി.വി ബാലകൃഷ്ണന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി ബഷീറിന് നല്‍കി നിര്‍വ്വഹിക്കും. പുസ്തക പ്രകാശനം ഡോ. അംബികാസുതന്‍ മാങ്ങാട് നഗരസഭാ ചെയര്‍പേഴ്‌സണ്‍ ബീഫാത്തിമ ഇബ്രാഹിമിന് നല്‍കി നിര്‍വ്വഹിക്കും. 

ഡോക്യുമെന്ററി സ്വിച്ച് ഓണ്‍ കര്‍മ്മം പ്രൊഫ. എം.എ റഹ്മാന്‍ നിര്‍വ്വഹിക്കും. ഫോട്ടോ പുസ്തക പ്രകാശനം പി.എന്‍ ഗോപീകൃഷ്ണന്‍ വി.വി മേഴ്‌സി ടീച്ചര്‍ക്ക് നല്‍കി നിര്‍വ്വഹിക്കും. വൈകിട്ട് 5 മണി മുതല്‍ ഷഹബാസ് അമന്റെ ഗസല്‍ ഉണ്ടായിരിക്കും.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.