Latest News

  

ബിജെപിക്കെതിരെ മുദ്രാവാക്യം; ഗവേഷണ വിദ്യാർഥിനിക്കെതിരെ കേസ്

ചെന്നൈ: ബിജെപി സംസ്ഥാന പ്രസിഡന്റ് തമിഴിസൈ സൗന്ദരരാജൻ യാത്ര ചെയ്ത വിമാനത്തിൽ ബിജെപിക്കും കേന്ദ്ര സർക്കാരിനുമെതിരെ മുദ്രാവാക്യം മുഴക്കിയെന്ന പരാതിയിൽ ഗവേഷണ വിദ്യാർഥിനിക്കെതിരെ പോലീസ് കേസെടുത്തു.[www.malabarflash.com]

കാനഡയിലെ മോൺട്രിയൽ സർവകലാശാലയിലെ ഗവേഷകയും തമിഴ്നാട് സ്വദേശിനിയുമായി ലോയിസ് സോഫിയയെയാണ് തമിഴിസൈയുടെ പരാതിയിൽ പോലീസ് കസ്റ്റഡിയിലെടുത്തത്. ചെന്നൈയിൽ നിന്നു തൂത്തുക്കുടിയിലേക്കുള്ള വിമാനത്തിലാണു സംഭവം.

വിമാനത്തിൽ തമിഴിസൈയ്ക്കു തൊട്ടു പിന്നിലെ സീറ്റിലാണു സോഫിയ ഇരുന്നത്. യാത്രയ്ക്കിടെ സോഫിയ ബിജെപിക്കെതിരെയും കേന്ദ്ര സർക്കാരിനെതിരെയും മുദ്രാവാക്യം മുഴക്കി. ഇതിനെച്ചൊല്ലി തമിഴിസൈയും സോഫിയയും വിമാനത്തിനകത്ത് ചൂടേറിയ വാഗ്വാദം നടന്നു. വിമാനത്തിൽ നിന്നിറങ്ങി തമിഴിസൈ പോകാനൊരുങ്ങുന്നതിനിടെ, ‘ഫാസിസ്റ്റ് സർക്കാർ തുലയെട്ടെ’യെന്നു സോഫിയ മുദ്രാവാക്യം മുഴക്കി. പ്രകോപിതയായ തമിഴിസൈ പോലീസിനു പരാതി നൽകുകയായിരുന്നു.

വിമാനത്താവളത്തിൽ തമിഴിസൈയും കൂടെയുണ്ടായിരുന്ന ബിജെപി പ്രവർത്തകരും സോഫിയയുമായി കൊമ്പു കോർത്തു. മാപ്പു പറയണമെന്ന തമിഴിസൈയുടെ ആവശ്യം സോഫിയ അംഗീകരിച്ചില്ല.

ഇതിനിടെ, മകളെ അപമാനിച്ചുവെന്നു കാണിച്ചു സോഫിയയുടെ പിതാവ് ബിജെപി പ്രവർത്തകർക്കെതിരെ പോലീസിൽ പരാതി നൽകി.

സോഫിയയ്ക്കു തീവ്രവാദ ബന്ധമുണ്ടെന്നു തമിഴിസൈ പരാതിയിൽ ആരോപിച്ചു. സോഫിയയെ കസ്റ്റഡിയിൽ ചോദ്യം ചെയ്ത ശേഷം പൊതുസ്ഥലത്ത് ബഹളമുണ്ടാക്കിയതുൾപ്പെടെയുള്ള വകുപ്പുകൾ ചേർത്തു അവർക്കെതിരെ കേസെടുത്തു.

അതേസമയം, ബിജെപി പ്രവര്‍ത്തകര്‍ മോശമായ ഭാഷയില്‍ എഴുത്തുകാരി കൂടിയായ ലോയിസ് സോഫിയയെ അപമാനിച്ചെന്നും അതിനെതിരെ പരാതി കൊടുത്തിട്ടും പോലീസ് നടപടി എടുക്കുന്നില്ലെന്നും പരിസ്ഥിതി പ്രവര്‍ത്തകന്‍ നിത്യാനന്ദ ജയരാമന്‍ ആരോപിച്ചു.

തൂത്തുക്കുടി സ്റ്റെര്‍ലൈറ്റ് കമ്പനിക്കെതിരായും ചെന്നൈ–സേലം എട്ടുവരിപ്പാതയെക്കെതിരായുമെല്ലാം ലോയിസ് സോഫിയ നിരന്തരമായി ലേഖനങ്ങള്‍ എഴുതിയിരുന്നു. സംഭവത്തെ കുറിച്ച് വിശദമായി അന്വേഷിച്ച് വരികയാണെന്ന് പൊലീസ് വ്യക്തമാക്കി.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.