Latest News

മണിപ്പാല്‍ കൂട്ടമാനഭംഗം: പെണ്‍കുട്ടി മൊഴി നല്‍കി, വിദ്യാര്‍ഥികള്‍ സര്‍വകലാശാല ഉപരോധിച്ചു


മണിപ്പാല്‍: മൂന്നു പേരാണ് തന്നെ മാനഭംഗപ്പെടുത്തിയതെന്ന് മണിപ്പാല്‍ സര്‍വകലാശാലയില്‍ കാമ ഭാന്ത്രന്‍മാരുടെ അതിക്രമത്തിന് ഇരയായ മലയാളി വിദ്യാര്‍ഥിനി പോലീസിന് മൊഴി നല്‍കി. പെണ്‍കുട്ടിയുടെ കൈയിലും കാലിലും കഴുത്തിലും പരിക്കുകളുണ്ടെന്നും അക്രമി സംഘത്തെ പിടികൂടാനായി നടപടി സ്വീകരിച്ചതായും ഉഡുപ്പി എസ്പി ബോറലിങ്കയ്യ പറഞ്ഞു.

രാത്രി 12.30 ന് സര്‍വകലാശാല ലൈബ്രറിക്ക് മുന്നില്‍ നിന്നും ഓട്ടോയിലെത്തിയ സംഘം പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി മാനഭംഗപ്പെടുത്തുകയായിരുന്നു. പുലര്‍ച്ചെ 3 മണിയോടെ ഫ്‌ളാററിന് സമീപം ഉപേക്ഷിക്കുകയായിരുന്നു. പെണ്‍കുട്ടി കസ്തൂര്‍ബ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

പ്രതികളെ തിരിച്ചറിഞ്ഞിട്ടില്ലെങ്കിലും എല്ലാവരും ഓട്ടോ ഡ്രൈവര്‍മാരാണെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. പെണ്‍കുട്ടിയെ ഓട്ടോയില്‍ കയറ്റിക്കൊണ്ടുപോകുന്നത് യൂണിവേഴ്‌സിറ്റി ലൈബ്രറിയിലെ സെക്യൂരിറ്റിക്കാരന്‍ കണ്ടെങ്കിലും അതൊരു തട്ടിക്കൊണ്ടുപോകലാണെന്ന് അയാള്‍ക്കു മനസ്സിലായില്ല. പെണ്‍കുട്ടി വേഗത്തില്‍ ഓട്ടോയിലേക്ക് കയറുന്നതുപോലെയാണ് കുറച്ചു ദൂരെയായതിനാല്‍ തോന്നിയതെന്ന് ഇയാള്‍ പോലീസിന് മൊഴിനല്കി. 

ഇയാള്‍ നല്കിയ സൂചനകളും സി.സി.ടി.വി.യിലെ ദൃശ്യങ്ങളും ഉപയോഗിച്ച് യഥാര്‍ഥ പ്രതികളെ ഉടന്‍പിടികൂടാനാവുമെന്ന പ്രതീക്ഷയിലാണ് പോലീസ്. ഉഡുപ്പി ഡി.സി.എന്‍.പി. റെജുവും എസ്.പി. ഡോ. ബൊറലിംഗവും മംഗലാപുരം എസ്.പി. അഭിഷേക് ഗോയലും സ്ഥലത്തെത്തി അന്വേഷണത്തിന് നേതൃത്വംനല്കുന്നുണ്ട്.

ഉഡുപ്പി എം.എല്‍.എ. പ്രമോദ് മധ്വരാജ് ആസ്​പത്രിയിലെത്തി പെണ്‍കുട്ടിയെ കണ്ടു. വിഷയം ആഭ്യന്തരമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി അടിയന്തര നടപടി കൈക്കൊള്ളുമെന്ന് അദ്ദേഹം അറിയിച്ചു.
വിദ്യാര്‍ഥികള്‍ക്ക് വേണ്ട സുരക്ഷ ഉറപ്പുവരുത്തണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ മണിപ്പാല്‍ സര്‍വകലാശാലയ്ക്കുമുന്നില്‍ ധര്‍ണ നടത്തി. സര്‍വകലാശാലാ ലൈബ്രറിക്കു സമീപത്തുനിന്ന് വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗംചെയ്ത സംഭവത്തെത്തുടര്‍ന്നായിരുന്നു പ്രതിഷേധ ധര്‍ണ.

പ്രതികളെ ഉടന്‍ അറസ്റ്റ്‌ചെയ്യണമെന്നും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന് ഉറപ്പുനല്കണമെന്നം ആവശ്യപ്പെട്ടുള്ള ധര്‍ണ രാത്രി വൈകിയും തുടര്‍ന്നു.

ഒട്ടേറെ മലയാളികളും വിദേശികളുമടങ്ങുന്ന വിദ്യാര്‍ഥികള്‍ പഠിക്കുന്ന സര്‍വകലാശാലയാണിത്. രാത്രി പന്ത്രണ്ടുവരെ ലൈബ്രറി തുറക്കും. ഈ സമയത്തെല്ലാം ഒട്ടേറെ വിദ്യാര്‍ഥികള്‍ ഈ സൗകര്യം ഉപയോഗപ്പെടുത്താറുണ്ട്. ഈ സാഹചര്യത്തില്‍ ഇവരുടെ സുരക്ഷ ഉറപ്പുവരുത്തേണ്ടത് സര്‍വകലാശാലാ അധികൃതരാണെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു.

അതേസമയം കാമ്പസിലും പരിസരത്തും ശക്തമായ സുരക്ഷാ സംവിധാനം നിലവിലുണ്ടെന്നാണ് സര്‍വകലാശാലാ അധികൃതരുടെ പക്ഷം. ഈ മേഖലയിലെ മിക്ക റോഡുകളിലും സി.സി.ടി.വി. ക്യാമറ സ്ഥാപിച്ചിട്ടുണ്ട്. അധികം ദൂരത്തല്ലാതെയാണ് മണിപ്പാല്‍ പോലീസ് സ്റ്റേഷന്‍. കൂടാതെ സര്‍വകലാശാലയുടെ സെക്യൂരിറ്റി വിഭാഗം ബൈക്കിലും ജീപ്പിലുമായി പട്രോളിങ് നടത്തുന്നുണ്ട്. പ്രധാന സ്ഥലങ്ങളില്‍ കാവലുമുണ്ട്. എന്നിട്ടും ഇത്തരമൊരു ദുരന്തം നടന്നതെങ്ങനെയെന്ന് അത്ഭുതപ്പെടുകയാണ് സര്‍വകലാശാലാ അധികൃതരും നാട്ടുകാരും.

നിലവിലെ സുരക്ഷ അപര്യാപ്തമാണെന്നു കാണിക്കുന്നതാണ് ഈ സംഭവമെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. കണ്ണെത്താത്ത പലയിടങ്ങളും കാമ്പസിലും പരിസരത്തുമുണ്ട്. ഇവിടെ കയറിയിറങ്ങിപ്പോകുന്നവര്‍ ആരെല്ലാമാണെന്ന് ആര്‍ക്കുമറിയില്ല. രാജ്യത്ത് തീവ്രവാദ ഭീഷണിയുണ്ടാവുമ്പോഴെല്ലാം ജാഗ്രത പുലര്‍ത്തുന്ന സ്ഥലമാണ് വിദേശ വിദ്യാര്‍ഥികള്‍ ഒരുപാടുള്ള സര്‍വകലാശാല. ഈ സാഹചര്യത്തില്‍ പ്രത്യേക സുരക്ഷതന്നെ ഏര്‍പ്പെടുത്തണമെന്നാണ് അവരുടെ പക്ഷം.


 
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, rape case,manippal university,uduppi,india

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.