Latest News

  

വീട്ടമ്മയ്ക്ക് വെട്ടേറ്റ സംഭവത്തില്‍ ദുരൂഹത; മോഷണമായിരുന്നില്ല ലക്ഷ്യമെന്ന് പോലീസ്

കോട്ടയം: അരീപ്പറമ്പില്‍ വീട്ടമ്മയെ വെട്ടിപ്പരിക്കേല്‍പിച്ച കേസിലെ ദുരൂഹത നീക്കാന്‍ പോലീസ് ശാസ്ത്രീയ പരിശോധനകള്‍ ആരംഭിച്ചു. അരീപ്പറമ്പ് പൊടിമറ്റത്തില്‍ സതീശന്റെ ഭാര്യ സുനി (40)ക്കാണ് വെട്ടേറ്റത്. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിനും മൂന്നിനും ഇടയ്ക്കാണ് സംഭവം. സുനിയുടെ ഭര്‍തൃപിതാവ് ആണ് ആദ്യം സംഭവം അറിഞ്ഞത്. സുനി അപകടനില തരണം ചെയ്തു. ഹിന്ദിക്കാര്‍ ആണ് വെട്ടിയതെന്ന് സുനിയുടെ ആദ്യ മൊഴിയില്‍ പറയുന്നു. ഇതു ശരിയാകാന്‍ സാധ്യതയില്ല എന്ന നിഗമനത്തിലാണ് പോലീസ്. കൂടുതല്‍ വിവരങ്ങള്‍ സുനിയില്‍ നിന്ന് ലഭിക്കാന്‍ പോലീസ് കാത്തു നില്‍ക്കുകയാണ്. വീട്ടിലെ ഉപകരണങ്ങളില്‍ നിന്ന് വിരലടയാളം ശേഖരിച്ചു.

സുനി, ഭര്‍ത്താവ്, ഭര്‍തൃപിതാവ് എന്നിവരുടെ ഫോണ്‍ കോളുകളുടെ വിവരങ്ങള്‍ പരിശോധിച്ചു വരുന്നു. വെട്ടിയത് ആര്, എന്തിന് എന്ന കാര്യത്തില്‍ ഒരു സൂചനയും ലഭിച്ചിട്ടില്ല. മോഷണത്തിനാണ് ആക്രമണമെങ്കില്‍ സുനിയുടെ കഴുത്തിലുണ്ടായിരുന്ന മൂന്നു പവന്‍ മാല മോഷ്ടിച്ചിട്ടില്ല. പിന്നെ എന്തിനായിരുന്നു ആക്രമണം ? അന്വേഷണം അതീവ ജാഗ്രതയോടെ നീങ്ങുകയാണെന്ന് പാമ്പാടി സിഐ , മണര്‍കാട് എസ്‌ഐ എന്നിവര്‍ അറിയിച്ചു. സംഭവ സമയം വീട്ടില്‍ സുനിയും കുഞ്ഞും മാത്രമാണ് ഉണ്ടായിരുന്നത്.

ഭര്‍ത്താവ് സതീശനും സതീശന്റെ പിതാവ് ഗുണശീലനും ബന്ധുവിന്റെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ പോയതായിരുന്നു അമ്മ ജ്ഞാനമ്മ അയല്‍ക്കൂട്ടത്തില്‍ പങ്കെടുക്കാനും പോയിരുന്നു. 2.30നു വീട്ടിലെത്തിയ സതീശന്റെ പിതാവ് സുനിയോടു കുടിക്കുവാന്‍ കാപ്പി ചോദിച്ചു. സുനിയുടെ ശബ്ദമൊന്നും കേള്‍ക്കാത്തതിനെത്തുടര്‍ന്നു മുറിയിലെത്തിയപ്പോള്‍ രക്തത്തില്‍ കുളിച്ചുകിടക്കുന്ന സുനിയേയാണ് കാണാന്‍ കഴിഞ്ഞത്. തുടര്‍ന്നു അയല്‍ക്കാരേയും മറ്റും കൂട്ടി മെഡിക്കല്‍ കോളജിലെത്തിക്കുകയായിരുന്നു. തലയ്ക്കാണ് വെട്ടേറ്റിരിക്കുന്നത്.

കട്ടിലില്‍ കിടന്നിരുന്ന രണ്ടു മാസം പ്രായമുള്ള കുഞ്ഞിനു പരിക്കുകളൊന്നുമില്ല. മുറിയില്‍ വെട്ടാനുപയോഗിച്ച വെട്ടുകത്തിയും കിടപ്പുണ്ട്. ഇത് ഇവരുടെ വീട്ടിലേതാണ്. ഇവരുടെ വീടിനോടു ചേര്‍ന്നു ചെറിയ രീതിയില്‍ ചായക്കട നടത്തുന്നുണ്ട്. ഇവിടെ പ്രദേശത്തു ജോലി ചെയ്യുന്ന അന്യസംസ്ഥാന തൊഴിലാളികള്‍ ഉള്‍പ്പെടെ ചായകുടിക്കാന്‍എത്താറുണ്ട്. ഇന്നലെയും ഇവര്‍ ചായകുടിക്കാന്‍ എത്തിയിരുന്നു.

ഇവരിലേക്കും പോലീസ് അന്വേഷണം നടത്തുന്നുണ്ട്. ഇവിടെ ആരുമില്ലേ എന്നു പറഞ്ഞ് ഒരാള്‍ അകത്തു കയറി വെട്ടുകയായിരുന്നുവെന്നാണ് സുനി പോലീസിനു നല്‍കിയ മൊഴി. സംഭവത്തിനു പിന്നില്‍ വീടുകളില്‍ കമ്പിളി പുതപ്പ് വില്ക്കാന്‍ എത്തിയ അന്യസംസ്ഥാനക്കാരാണെന്ന സംശയത്തില്‍ ഏതാനും പേരെ പിടികൂടി ചോദ്യം ചെയ്തുവരുന്നു. കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി വി.ജെ.കുര്യാക്കോസ്, മണര്‍കാട് എസ്‌ഐ കെ.എസ്. ജയന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി.

Keywords: Kottayam, House Wife, Attack, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.