Latest News

  

പി സദാശിവം പുതിയ കേരള ഗവര്‍ണര്‍; സത്യപ്രതിജ്ഞ വെള്ളിയാഴ്ച

ന്യൂഡല്‍ഹി : പി. സദാശിവത്തെ കേരള ഗവര്‍ണറായി നിയമിച്ച് രാഷ്ട്രപതിയുടെ വിജ്ഞാപനമിറങ്ങി. മുന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസാണ് സദാശിവം. ഷീലാ ദീക്ഷിത് കേരള ഗവര്‍ണര്‍ സ്ഥാനം രാജിവച്ചതിനെത്തുടര്‍ന്നാണ് സദാശിവത്തെ ഗവര്‍ണറാക്കിക്കൊണ്ടുള്ള പുതിയ ഉത്തരവ്. രാജിവെയ്ക്കാന്‍ തയാറായില്ലെങ്കില്‍ മിസോറാമിലേക്ക് സ്ഥലംമാറ്റം ഉണ്ടാകുമെന്ന് ഉറപ്പായതോടെ കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഷീലാ ദീക്ഷിത് ഗവര്‍ണര്‍ സ്ഥാനം രാജിവച്ചത്. ഷീല ദീക്ഷിത്തിന്റെ രാജി രാഷ്ട്രപതി അംഗീകരിച്ചു.

വെള്ളിയാഴ്ച ഗവര്‍ണറായി ചുമതലയേല്‍ക്കുമെന്ന് പി.സദാശിവം അറിയിച്ചു. വ്യാഴാഴ്ച കേരളത്തിലെത്തും. ഗവര്‍ണര്‍ പദവി കേരളത്തിലെ ജനങ്ങളെ സേവിക്കുവാന്‍ ഉപയോഗിക്കും. സര്‍ക്കാരിന് നിയമോപദേശം നല്‍കേണ്ട ചുമതല ഗവര്‍ണര്‍ക്ക് ഇല്ല. താന്‍ ഒരിക്കലും കോര്‍പറേറ്റുകളുടെ മധ്യസ്ഥനായി പ്രവര്‍ത്തിച്ചിട്ടില്ല. ഓണമായതിനാല്‍ സംസ്ഥാന സര്‍ക്കാരിന്റെ അഭ്യര്‍ഥനപ്രകാരമാണ് ഉടന്‍ ചുമതലയേല്‍ക്കുന്നതെന്നും ചുമതലയേറ്റ ശേഷം വിവാദങ്ങളില്‍ തന്റെ നിലപാട് വ്യക്തമാക്കുമെന്നും സദാശിവം പറഞ്ഞു.

തമിഴ്‌നാട് ഈറോഡ് ഭവാനി കടപ്പനല്ലൂര്‍ സ്വദേശിയാണ് സദാശിവം. മദ്രാസ്, പഞ്ചാബ് ഹരിയാന ഹൈക്കോടതികളില്‍ ചീഫ് ജസ്റ്റിസായി പ്രവര്‍ത്തിച്ച സദാശിവം 2007ല്‍ സുപ്രീം കോടതി ജഡ്ജിയായി. 2013 ജൂലൈ 19 മുതല്‍ 2014 ഏപ്രില്‍ 26 വരെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് പദവി വഹിച്ചു. പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്റെ സ്വകാര്യ ഹര്‍ജി പരിഗണിച്ച് ഇടമലയാര്‍ കേസില്‍ ആര്‍. ബാലകൃഷ്ണപിള്ള അടക്കമുള്ളവര്‍ക്ക് ശിക്ഷ വിധിച്ചത് പി. സദാശിവത്തിന്റെ ബെഞ്ച് ആയിരുന്നു. 1993ലെ മുംബൈ സ്‌ഫോടനക്കേസിലെ വിധി പ്രസ്താവിച്ചതും ഇദ്ദേഹമാണ്.




Keywords: National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam New

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.