Latest News

ജില്ലാ പഞ്ചായത്തിന്റെ ശ്രവണസഹായി വിതരണപദ്ധതിക്ക് തുടക്കമായി

കാസര്‍കോട്: [www.malabarflash.com] ഭിന്നശേഷിയുളളവരെ സഹായിക്കുകയെന്നത് സമൂഹത്തിന്റ കടമയാണെന്ന് കെ കുഞ്ഞിരാമന്‍ എംഎല്‍എ ഉദുമ പറഞ്ഞു. 

ജില്ലാപഞ്ചായത്തിന്റെ ദേശീയ വികലാംഗ പുനരധിവാസ പദ്ധതിയുടെ ഭാഗമായി (എന്‍പിആര്‍പിഡി) കേള്‍വി ശക്തിയില്ലാത്തവര്‍ക്കായി ശ്രവണസഹായികള്‍ വിതരണം ചെയ്യുന്നതിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ ആസൂത്രണസമിതി ഹാളില്‍ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ഭിന്നശേഷിയുളളവര്‍ക്ക് കൂടുതല്‍ സഹായം ആവശ്യമാണ്. ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും വൈകല്യമുണ്ടാകാമെന്ന യാഥാര്‍ത്ഥ്യവും നാം ഓര്‍ക്കണം. അടിസ്ഥാന വര്‍ഗ്ഗത്തില്‍ പിന്നോക്കം നില്‍ക്കുന്നവരെ സഹായിക്കുകയെന്ന കടമ ഓരോരുത്തരും നിര്‍വ്വഹിക്കണമെന്നും വൈകല്യമുളളവര്‍ക്ക് കൊടുക്കുന്ന സഹായികളുടെ ഗുണമേന്മ ഉറപ്പുവരുത്തണമെന്നും എംഎല്‍എ പറഞ്ഞു. 

ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. പി.പി ശ്യാമളാദേവി അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടര്‍ പി.എസ് മുഹമ്മദ് സഗീര്‍ മുഖ്യാതിഥിയായിരുന്നു.
വിവിധതരത്തില്‍ വൈകല്യം ബാധിച്ചവരുടെ ക്ഷേമത്തിനായി ജില്ലാ പഞ്ചായത്ത് മാതൃകാപരമായി നടപ്പാക്കിവരുന്ന അതിജീവനം പദ്ധതിയുടെ ഭാഗമായാണ് കേള്‍വിയില്ലാത്തവര്‍ക്ക് ശ്രവണസഹായികള്‍ വിതരണം ചെയ്യുന്നത്. ഒരെണ്ണത്തിന് പതിനായിരം രൂപവരെ വിലവരുന്ന 180 ശ്രവണ സഹായികളാണ് ഒന്നാം ഘട്ടത്തില്‍ ഡിപിസി ഹാളില്‍ വിതരണം ചെയ്തത്. 

കാസര്‍കോട്, കാറഡുക്ക ബ്ലോക്ക് പഞ്ചായത്തിലെ വൈകല്യമുളളവര്‍ക്കാണ് ആദ്യഘട്ടത്തില്‍ നല്‍കിയത്. മറ്റുളളവര്‍ക്ക് അടുത്ത ഘട്ടത്തില്‍ വിതരണം നടത്തും. ജില്ലയില്‍ ഇത്തരത്തില്‍ 540 പേര്‍ക്കാണ് ശ്രവണസഹായി വിതരണം ചെയ്യുന്നത്.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സംയുക്ത പദ്ധതിയായ അതിജീവനം നടപ്പാക്കുന്നതില്‍ കാസര്‍കോട് ജില്ലാപഞ്ചായത്തിന്റെ പ്രവര്‍ത്തനം രാജ്യത്തിന് മാതൃകയാണ്. 

ഉദ്ഘാടനപരിപാടിയില്‍ കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. മുംതാസ് ഷുക്കൂര്‍, കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബി.എം പ്രദീപ്, ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ മമതദിവാകര്‍, കെ. സുജാത, ജില്ലാ പഞ്ചായത്തംഗം പാദൂര്‍ കുഞ്ഞാമുഹാജി, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ഇ.പി രാജ്‌മോഹന്‍, ഡെപ്യൂട്ടി ഡിഎംഒ ഡോ. എം.സി വിമല്‍രാജ് എന്നിവര്‍ സംസാരിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.എസ് കുര്യാക്കോസ് സ്വാഗതവും ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ ആര്‍.പി പത്മകുമാര്‍ നന്ദിയും പറഞ്ഞു.

Keywords:Kasaragod News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.