Latest News

വക്കം കൊലപാതകം: ജനരോഷം ഭയന്ന് പോലീസ് മിന്നല്‍ തെളിവെടുപ്പ് നടത്തി

ചിറയിന്‍കീഴ്:[www.malabarflash.com] വക്കത്ത് മുന്‍ വൈരാഗ്യത്തിന്റെ പേരില്‍ യുവാവിനെ അടിച്ച് കൊന്ന കേസിലെ പ്രതികളെയും കൂട്ടി പോലീസ് തെളിവെടുപ്പ് നടത്തി. പ്രതികള്‍ക്കെതിരെ ജനരോഷം ഉണ്ടാകുമെന്ന കാരണത്താല്‍ കനത്ത പോലീസ് ബന്തവസില്‍ ബുധനാഴ്ച രാവിലെ മിന്നല്‍ തെളിവെടുപ്പ് നടത്തുകയായിരുന്നു.

വക്കം സ്വദേശി ഷെബീറിനെ കൊലപ്പെടുത്തിയ കേസില്‍ വക്കം മാര്‍ത്താണ്ഡം കുട്ടി സ്മാരകത്തിന് സമീപം വലിയവീട്ടില്‍ സഹോദരങ്ങളായ സതീഷ് (22), സന്തോഷ് (23), വക്കം കുഞ്ചാല്‍വിളാകം വീട്ടില്‍ ഉണ്ണിക്കുട്ടന്‍ എന്ന വിനായക് (21), വക്കം അണയില്‍ കുത്തുവിളാകം വീട്ടില്‍ കിരണ്‍കുമാര്‍ (22) എന്നിവരെയും കൂട്ടിയാണ് പോലീസ് ബുധനാഴ്ച രാവിലെ തെളിവെടുപ്പ് നടത്തിയത്.

ആറ്റിങ്ങല്‍ ഡിവൈഎസ്പി ആര്‍.പ്രതാപന്‍ നായരുടെ നേതൃത്വത്തില്‍ വന്‍ പോലീസ് സംഘത്തിന്റെ അകമ്പടിയോടെയായിരുന്നു തെളിവെടുപ്പ്. ഷെബീറിനെ മര്‍ദ്ദിച്ച വക്കം റെയില്‍വെ ഗേറ്റ്് പരിസരം, പ്രതികള്‍ കാത്ത് നിന്ന സ്ഥലം, ഷെബീറിനെ മര്‍ദ്ദിക്കുന്നതിന് ഉപയോഗിച്ച കല്ല്, ഇടിക്കട്ട, തടികഷണം എന്നിവ ഒളിപ്പിച്ച സ്ഥലം എന്നിവിടങ്ങളിലായിരുന്നു തെളിവെടുപ്പ്. അതീവരഹസ്യമായാണ് പോലീസ് ബുധനാഴ്ച രാവിലെ എട്ടോടെ തെളിവെടുപ്പ് നടത്തിയത്. 

നാട്ടുകാര്‍ പ്രതികള്‍ക്ക് നേരെ അക്രമാസക്തരായി വരാന്‍ സാധ്യതയുണെ്ടന്ന രഹസ്യവിവരത്തെ തുടര്‍ന്നാണ് പോലീസ് രാവിലെ തന്നെ പ്രതികളെയും കൂട്ടി തെളിവെടുപ്പ് നടത്തിയത്. കേസിലെ നാല് പ്രതികളെയും ചൊവ്വാഴ്ച തന്നെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ആലപ്പുഴയിലെയും തമിഴ്‌നാട്ടിലെയും ഒളിസങ്കേതത്തില്‍ നിന്നാണ് പ്രതികളെ പോലീസ് പിടികൂടിയത്.
കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരം അഞ്ചരയോടെ വക്കം പുത്തന്‍നട ക്ഷേത്രത്തിനു സമീപം തോപ്പിക്കവിള റെയില്‍വേ ഗേറ്റിനടുത്താണ് ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ഷെബിറിനെയും ഉണ്ണിക്കൃഷ്ണനെയും അക്രമി സംഘം അടിച്ച് വീഴ്ത്തിയത്. ഷെബീര്‍ പിന്നീട് ആശുപത്രിയില്‍ മരിച്ചു.


വക്കം ദൈവപ്പുര ക്ഷേത്ര ഉത്സവവുമായി ബന്ധപ്പെട്ടുണ്ടായ അടിപിടിയാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. ദൈവപ്പുര ക്ഷേത്രത്തിലെ ഉത്സവ ഘോഷയാത്രക്കിടെ ഒരു സംഘം യുവാക്കള്‍ ആനയുടെ വാലില്‍ പിടിച്ച് ആനയെ പ്രകോപിപ്പിച്ചു. ഇതിനെ ചോദ്യം ചെയ്ത് നാട്ടുകാരും ഒരു വിഭാഗം യുവാക്കളും രംഗത്ത് വന്നു. ആ സംഭവത്തില്‍ പ്രതികളായവരെ നിയമത്തിന് മുന്നില്‍ കൊണ്ട് വരാന്‍ ഷെബീറും സുഹൃത്തുക്കളും പോലീസിനെ സഹായിച്ചു. ഇതിലുള്ള വിരോധം പ്രതികളുടെ മനസിലുണ്ടായിരുന്നു. 

കഴിഞ്ഞ ദിവസം വീണ്ടും ഇരുവിഭാഗവും തമ്മില്‍ വാക്കേറ്റം ഉണ്ടായി ഇതേതുടര്‍ന്നാണ് വക്കം സ്വദേശിയായ യുവാവിന്റെ നേതൃത്വത്തിലുള്ള ആറംഗ സംഘം ഷെബീറിനെ നടുറോഡില്‍ അടിച്ച് കൊലപ്പെടുത്തിയത്.





Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.