Latest News

അന്യസംസ്ഥാന വികലാംഗ യാചകന് അക്ഷയ ലോട്ടറിയുടെ 65 ലക്ഷം

പാറശ്ശാല:[www.malabarflash.com] കൃത്രിമ പ്ലാസ്റ്റിക് കാലിന്റെയും ക്രച്ചസിന്റെയും സഹായത്തോടെ അഞ്ചംഗ കുടുംബത്തിന്റെ പട്ടിണിയകറ്റാന്‍ ഭിക്ഷാടനം നടത്തുന്ന ഇതരസംസ്ഥാന വികലാംഗന് അക്ഷയ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 65 ലക്ഷം രൂപ. ആന്ധ്രാപ്രദേശിലെ അനന്തപൂര്‍ ജില്ലയിലെ കൊരപ്പാട് ഗ്രാമം സ്വദേശി പെന്നയ്യ(32)യെയാണ് ഭാഗ്യദേവത കടാക്ഷിച്ചത്.

ഇയാള്‍ പനച്ചമൂട്ടിലെ അല്‍സിയ ഏജന്‍സിയില്‍നിന്ന് എടുത്ത 10 ടിക്കറ്റില്‍ ഉള്‍പ്പെട്ട എ.കെ. 651665 എന്ന നമ്പര്‍ ലോട്ടറിക്കാണ് ബുധനാഴ്ച നടന്ന നറുക്കെടുപ്പില്‍ ഒന്നാംസമ്മാനം കിട്ടിയത്.പെന്നയ്യ ആന്ധ്രയില്‍ കരിങ്കല്‍ത്തൊഴിലാളിയായിരുന്നു. ആറ് വര്‍ഷം മുമ്പ് പണിക്കിടെ കല്ല് വീണ് പരിക്കേറ്റ് വലതുകാലിന്റെ പാദം മുതല്‍ തുട വരെയുള്ള ഭാഗം മുറിച്ചുമാറ്റി. തുടര്‍ന്ന് കുടുംബത്തെ പോറ്റാന്‍ വഴിയില്ലാതെ പെന്നയ്യ ഭിക്ഷാടനം തൊഴിലാക്കി.

മാര്‍ത്താണ്ഡത്തും മറ്റുമായി ബസ്സ്റ്റാന്‍ഡിലും കടകളുടെ വരാന്തയില്‍ അന്തിയുറങ്ങി ഭിക്ഷാടനം നടത്തി. ഇങ്ങനെ സ്വരൂപിക്കുന്ന തുകയില്‍ ഒരുഭാഗം പതിവായി ലോട്ടറിയെടുക്കാന്‍ നീക്കിവെക്കും. ശേഷിച്ചവ കുടുംബത്തിന്റെ ചെലവുകള്‍ക്കും.നറുക്കെടുപ്പിന്റെ ഫലം ഇന്റര്‍നെറ്റിലൂടെ ലഭിച്ചപ്പോള്‍ ഒന്നാസമ്മാനം പെന്നയ്യയ്ക്കാണെന്ന് ലോട്ടറികടയുടമയ്ക്ക് മനസ്സിലായി. തുടര്‍ന്ന് കടയുടമ നടത്തിയ തിരച്ചിലില്‍ കുറച്ചകലെനിന്ന് പെന്നയ്യെ കണ്ടെത്തി വിവരം ധരിപ്പിച്ചു.

സംഭവമറിഞ്ഞ് നാട്ടുകാരും തടിച്ചുകൂടി. ടിക്കറ്റ് നഷ്ടപ്പെടാതിരിക്കാന്‍, പിന്നീട് നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് വെള്ളറട പോലീസും സ്ഥലത്തെത്തി.പിന്നീട് ടിക്കറ്റ് ബാങ്കില്‍ ഏല്‍പ്പിക്കാനായി പെന്നയ്യയേയും കൂട്ടി പോലീസ് വെള്ളറടയിലും പാറശ്ശാലയിലുമുള്ള ബാങ്കുകളില്‍ ചെന്നെങ്കിലും പെന്നയ്യയെ കുറിച്ചുള്ള രേഖകള്‍ ഇല്ലാത്തതിനാല്‍ ടിക്കറ്റ് ബാങ്ക് അധികൃതര്‍ സ്വീകരിച്ചില്ല. തുടര്‍ന്ന് ആന്ധ്രയിലെ ബന്ധുക്കളെ വിവരമറിയിച്ചശേഷം പോലീസ് പെന്നയ്യയെ സ്റ്റേഷനില്‍ പാര്‍പ്പിച്ചിരിക്കുകയാണ്.

രാമന്‍ജിനമ്മയാണ് പെന്നയ്യയുടെ ഭാര്യ. സ്‌നേഹലത, അഭിവര്‍ദ്ധന്‍, നരസിംഹം എന്നിവര്‍ മക്കളുമാണ്.





Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.