Latest News

സ്ഥാനാര്‍ഥിയെത്തേടി പരക്കം പാഞ്ഞ് ഐഎന്‍എല്‍

കാസര്‍കോട്:[www.malabarflash.com] ഇടതുപാര്‍ട്ടികളെല്ലാം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടും ഐഎന്‍എലിനുവേണ്ടി ഒഴിച്ചിട്ട കാസര്‍കോട് സീറ്റില്‍ അനിശ്ചിതത്വം തുടരുന്നു. അവസാന നിമിഷത്തിലും സ്ഥാനാര്‍ഥിയെ തീരുമാനിക്കാകാതെ കുഴങ്ങുകയാണ് പാര്‍ട്ടി സംസ്ഥാന നേതൃത്വം.

ബുധനാഴ്ച ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലും സ്ഥാനാര്‍ഥിയെ തീരുമാനിക്കാന്‍ കഴിഞ്ഞില്ല. വ്യാഴാഴ്ച സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുമെന്നാണ് സംസ്ഥാനനേതൃത്വം അറിയിച്ചിരിക്കുന്നത്. 

പൊതുസ്വതന്ത്രനെ കണ്ടെത്താനായിരുന്നു തീരുമാനം. വ്യവസായ പ്രമുഖനും ലീഗ് മഞ്ചേശ്വരം എംഎല്‍എ പി.ബി.അബ്ദുള്‍ റസാഖിന്റെ സഹോദരനുമായ പി.ബി.അഹമദിനെ സ്ഥാനാര്‍ഥിയാക്കാനായി ഒരു വിഭാഗം സമ്മര്‍ദം ചെലുത്തിവരുന്നുണ്ട്. എന്നാല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറി അസീസ് കടപ്പുറം വീണ്ടും മത്സരിക്കാന്‍ താത്പര്യം പ്രകടിപ്പിച്ചതാണ് ചര്‍ച്ചകള്‍ വഴിമുട്ടാന്‍ കാരണമെന്നാണ് സൂചന.

കൂടാതെ സംസ്ഥാന സെക്രട്ടേറിയറ്റംഗം എം.എ.ലത്തീഫ്, സുബൈര്‍ പടുപ്പ്, മൊയ്തീന്‍കുഞ്ഞി കളനാട്, അജിത്കുമാര്‍ ആസാദ് എന്നിവരുടെ പേരും പറഞ്ഞു കേള്‍ക്കുന്നു. സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് തഴയപ്പെട്ട ചില ലീഗ് നേതാക്കളെ ഐഎന്‍എല്‍ നേതാക്കള്‍ സമീപിച്ചെങ്കിലും ഇവര്‍ മല്‍സരത്തിന് തയാറായില്ല.

എന്‍.എ.നെല്ലിക്കുന്നിന് ഈസി വാക്കോവര്‍ ലഭിക്കാന്‍ പാര്‍ട്ടിയിലെ ഒരു വിഭാഗം ദുബായിലെ ഒരു വ്യവസായപ്രമുഖനുമായി ചേര്‍ന്ന് നടത്തിയ ചരട് വലിയുടെ ഭാഗമാണ് ഇപ്പോഴത്തെ പ്രതിസന്ധിയെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.

പാര്‍ട്ടിയിലെ ഒരു വിഭാഗം സുലൈമാന്‍ സേട്ട് സേവ് ഫോറം രൂപീകരണത്തിനും നീക്കം ആരംഭിച്ചിട്ടുണ്ട്. സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് ഐഎന്‍എല്ലില്‍ ശക്തമായ വിഭാഗീയതയാണ് ഉയര്‍ന്നിട്ടുള്ളത്.





Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.