Latest News

എല്‍ഡിഎഫ് സ്ഥാാനാര്‍ഥികള്‍ പര്യടനത്തില്‍; മണ്ഡലം കണ്‍വന്‍ഷന്‍ ശനിയാഴ്ച മുതല്‍

കാസര്‍കോട്:[www.malabarflash.com] എല്‍ഡിഎഫ് മണ്ഡലം കണ്‍വന്‍ഷനുകള്‍ ശനിയാഴ്ച ആരംഭിക്കും. തൃക്കരിപ്പൂര്‍ മണ്ഡലം കണ്‍വന്‍ഷന്‍ പകല്‍ മൂന്നിന് കാലിക്കടവ് കരക്കകാവ് ഓഡിറ്റോറിയത്തില്‍ ചേരും. തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരണ കണ്‍വന്‍ഷന്‍ വന്‍വിജയമാക്കാനുള്ള തയ്യാറെടുപ്പിലാണ് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍. സംസ്ഥാന, ജില്ലാ നേതാക്കള്‍ പങ്കെടുക്കും.

മൂന്നിന് പകല്‍ മൂന്നിന് ഉദുമ മണ്ഡലം കണ്‍വന്‍ഷന്‍ പൊയിനാച്ചി രാജധാനി ഓഡിറ്റോറിയത്തിലും കാസര്‍കാട് മണ്ഡലം കണ്‍വന്‍ഷന്‍ നാലിന് പകല്‍ മൂന്നിന് മുനിസിപ്പല്‍ ടൗണ്‍ഹാളിലും അഞ്ചിന് പകല്‍ മൂന്നിന് കാഞ്ഞങ്ങാട് കണ്‍വന്‍ഷന്‍ മുനിസിപ്പല്‍ ടൗണ്‍ഹാളിലും മഞ്ചേശ്വരം കണ്‍വന്‍ഷന്‍ ഉപ്പള മെട്രോ ഓഡിറ്റോറിയത്തിലും ചേരും.

ജില്ലയിലെ അഞ്ചില്‍ നാലു മണ്ഡലങ്ങളിലും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചതോടെ എല്‍ഡിഎഫ് പ്രവര്‍ത്തനം ഊര്‍ജിതമായി. സ്ഥാനാര്‍ഥികള്‍ വ്യാഴാഴ്ച രാവിലെ മുതല്‍ മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിലെത്തി വോട്ടര്‍മാരെ കണ്ട് പിന്തുണ അഭ്യര്‍ഥിച്ചു. 

കയ്യൂര്‍ സഖാക്കളുടെ സ്മരണകളിരമ്പുന്ന തേജസ്വിനിക്കരയിലെ രക്തസാക്ഷി മണ്ഡപത്തിലും, ചീമേനി സഖാക്കളുടെ രക്തസാക്ഷി മണ്ഡപത്തിലും പുഷ്പാര്‍ച്ചന നടത്തിയാണ് എല്‍ഡിഎഫ് തൃക്കരിപ്പൂര്‍ മണ്ഡലം സ്ഥാനാര്‍ഥി എം രാജഗോപാലന്‍ തെരഞ്ഞെടുപ്പ് പര്യടനം തുടങ്ങിയത്. ജന്മനാടായ കയ്യൂരിലെ വിവിധ പ്രദേശങ്ങളില്‍ വോട്ടര്‍മാരെ കണ്ടു. ഓട്ടോ തൊഴിലാളികള്‍, ഖാദി തൊഴിലാളികള്‍ എന്നിവരോട് വോട്ട് അഭ്യര്‍ഥിച്ച ശേഷം വെസ്റ്റ് എളേരിയില്‍ വിവിധ കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചു.

മഞ്ചേശ്വരം സ്ഥാനാര്‍ഥി സി എച്ച് കുഞ്ഞമ്പു മംഗളൂരു ബിഷപ്പ് ഡോ. അലോഷ്യസ് പാവള ഡിസൂസയെ സന്ദര്‍ശിച്ചു. മണ്ഡലത്തിലെ ഒമ്പത് ചര്‍ച്ചുകളുടെ ചുമതല അദ്ദേഹത്തിനാണ്. മംഗല്‍പാടി പഞ്ചായത്തിലെ ബന്തിയോട്, ഇച്ചിലമ്പാടി, ഹേരൂര്‍, ഉപ്പള എന്നിവിടങ്ങളില്‍ വീടുകളിലെത്തി വോട്ടര്‍മാരെ കണ്ടു. വെള്ളിയാഴ്ച എന്‍മകജെ പഞ്ചായത്തില്‍ പര്യടനം നടത്തും.പ്രക്ഷോഭ സമരത്തില്‍ പങ്കെടുത്തതിന് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ രാവിലെ കാസര്‍കോട് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരായി ജാമ്യം തേടി.


കാഞ്ഞങ്ങാട് സ്ഥാനാര്‍ഥി ഇ ചന്ദ്രശേഖരന്‍ പ്രമുഖ സ്വാതന്ത്ര്യസമര സേനാനി കെ മാധവനെ സന്ദര്‍ശിച്ച ശേഷമാണ് പര്യടനം തുടങ്ങിയത്. ദുര്‍ഗാ ഹയര്‍സെക്കന്‍ഡറിയില്‍ നിന്ന് വിരമിക്കുന്ന അധ്യാപകര്‍ക്കുള്ള യാത്രയയപ്പ് യോഗത്തില്‍ പങ്കെടുത്തു. മടിക്കൈ എരിക്കുളം വേട്ടക്കൊരു മകന്‍ ക്ഷേത്ര ഒറ്റക്കോല മഹോത്സവ ചടങ്ങിനുമെത്തി. കോടോം ബേളൂര്‍ പഞ്ചായത്തിലെ അട്ടക്കണ്ടം ഗവ. യുപി സകൂള്‍, കാലിച്ചാനടുക്കം ഗവ. ഹൈസ്‌കൂള്‍, കോട്ടച്ചേരി ഗവ. എല്‍പി സ്‌കൂള്‍ വാര്‍ഷികാഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തു. ആലയി ദുര്‍ഗാ പരമേശ്വരി ക്ഷേത്ര ഉത്സവത്തിന്റെ ഭാഗമായുള്ള സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തു.

ഉദുമ സ്ഥാനാര്‍ഥി കെ കുഞ്ഞിരാമന്‍ പെരിയ അംബേദ്കര്‍ കോളേജില്‍നിന്നാണ് പര്യടനം തുടങ്ങിയത്. ഉദുമ നാലാംവാതുക്കല്‍, ആറാട്ടുകടവ്, ബേക്കല്‍ എന്നിവിടങ്ങളില്‍ മരിച്ചവരുടെ വീടുകളിലെത്തി അനുശോചനം അറിയിച്ചു. പെരിയ പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളില്‍ വോട്ടര്‍മാരെ വീടുകളില്‍ ചെന്ന് കണ്ടു. രാവിലെ കളക്ടറേറ്റ് മാര്‍ച്ചില്‍ പങ്കെടുത്തതിന് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ കാസര്‍കോട് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരായി ജാമ്യം തേടി.





Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.