Latest News

രണ്ടുകോടി രൂപയുടെ വ്യാജനോട്ടുകൾ അച്ചടിച്ചിറക്കി; കള്ളനോട്ട് അടിക്കുന്ന യന്ത്രങ്ങൾ പിടിച്ചെടുത്തു

തൊടുപുഴ: കള്ളനോട്ട് അച്ചടിക്കുന്ന ചൈനീസ് നിർമിത അച്ചടിയന്ത്രങ്ങളും മഷിയും അനുബന്ധ ഉപകരണങ്ങളും ഇടുക്കി പോലീസ് പിടിച്ചെടുത്തു. അഞ്ച് പ്രിന്റർ, മൂന്നു തേപ്പുപെട്ടി, സ്കാനർ, 33 കെട്ട് ജിഎസ്എം പേപ്പർ, കംപ്യൂട്ടർ, ലാമിനേഷൻ മെഷീൻ തുടങ്ങിയവയാണു ബെംഗളൂരുവിലെയും സെക്കന്ദരാബാദിലെയും രഹസ്യ സങ്കേതത്തിൽനിന്നു കട്ടപ്പന ഡിവൈഎസ്പി എൻ.സി. രാജ്മോഹന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. [www.malabarflash.com]

വണ്ടിപ്പെരിയാറിലും ബോഡിമെട്ടിലുമായി കഴിഞ്ഞമാസം അറസ്റ്റിലായ കള്ളനോട്ടടി സംഘത്തിന്റെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഇതുവരെ 42 ലക്ഷം രൂപയുടെ കള്ളനോട്ടുകൾ പിടികൂടി. പുതിയ അഞ്ഞൂറിന്റെ കറൻസിയാണ് അച്ചടിച്ചത്.

രണ്ടുകോടി രൂപയുടെ വ്യാജനോട്ടുകൾ അച്ചടിച്ചിറക്കിയെന്നു പോലീസ് പറഞ്ഞു. നോട്ടടിക്കുന്ന സംഘത്തിൽ നാലു മലയാളി പെൺകുട്ടികൾ ഉൾപ്പെട്ടതായും ഇടുക്കി ജില്ലാ പോലീസ് മേധാവി കെ.ബി. വേണുഗോപാൽ പറ‍ഞ്ഞു. ദേശീയ അന്വേഷണ ഏജൻസിയും (എൻഐഎ) അന്വേഷണം നടത്തുന്നുണ്ട്.

ഇടുക്കി നെടുങ്കണ്ടം സ്വദേശി ജോജോ, ഭാര്യ എറണാകുളം സ്വദേശി അനുപമ എന്നിവരാണ് ആദ്യം പിടിയിലായത്. പിന്നീട് സംഘത്തിലെ മുഖ്യസൂത്രധാരനായ നെടുങ്കണ്ടം സ്വദേശി സുനിൽകുമാറും ബിഎസ്എഫ് മുൻ ജവാൻ കൊല്ലം കരുനാഗപ്പള്ളി സ്വദേശി കൃഷ്ണകുമാറുമടക്കം ഒൻപതുപേരെ 37 ലക്ഷം രൂപയുടെ കള്ളനോട്ടുമായി പിടികൂടി.

ചാവക്കാട് സ്വദേശി അഫ്സറിൽ നിന്നാണ് സെക്കന്ദരാബാദിലെയും ബെംഗളൂരുവിലെയും നോട്ടടി കേന്ദ്രങ്ങളെക്കുറിച്ചു വിവരം ലഭിച്ചത്. തുടർന്നു പോലീസ് ബെംഗളൂരു, സെക്കന്ദരാബാദ് എന്നിവിടങ്ങളി‍ലെത്തി പ്രതികളുടെ ഫ്ലാറ്റുകൾ പരിശോധിച്ചു. അച്ചടി പൂർത്തീകരിക്കാത്ത കള്ളനോട്ടുകളും കണ്ടെടുത്തു.

ഇവർ നിർമിച്ച വ്യാജ കറൻസികൾ അൾട്രാവയലറ്റ് കിരണങ്ങൾ ഉപയോഗിച്ചാൽ മാത്രമേ തിരിച്ചറിയാനാകൂ. നാലു പേരടങ്ങുന്ന സംഘമായി തിരിഞ്ഞാണ് നോട്ട് നിർമാണം. മഹാത്മാഗാന്ധിയുടെ പടം, സെക്യൂരിറ്റി ത്രെഡ്, റിസർവ് ബാങ്ക് ലോഗോ എന്നിവ വെവ്വേറെ അച്ചടിച്ചെടുത്തശേഷം ഇസ്തിരിയിട്ട് ഒട്ടിച്ചെടുക്കും. ഭിത്തി അലങ്കരിക്കാനുപയോഗിക്കുന്ന വിലകൂടിയ വർണക്കടലാസാണ് സെക്യൂരിറ്റി ത്രെഡായി ഉപയോഗിക്കുന്നത്.


Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.