ചൊവ്വാഴ്ച രാവിലെ കാസര്‍കോട്ടെത്തുന്ന മോദിക്കായി ശനിയാഴ്ച രാഹുല്‍ഗാന്ധി വന്നിറങ്ങിയ ഹെലിപ്പാഡ് ഉപയോഗിക്കാമെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ബി.ജെ.പി. ജില്ലാനേതൃത്വം ഹെലിപ്പാഡ് ഉപയോഗിക്കാനുള്ള അനുവാദം തേടി കോണ്ഗ്രസ് ജില്ലാ നേതൃത്വത്തെ സമീപിച്ചു.
ഹെലിപ്പാഡ് കെ.പി.സി.സി.യുടെ ചെലവില്‍ നിര്‍മിച്ചതാണെന്നും ഇത് ബി.ജെ.പി.ക്കായി വിട്ടുകൊടുക്കാനാവില്ലെന്നുമുള്ള നിലപാടാണ് കോണ്‍ഗ്രസ് സ്വീകരിച്ചത്.
ഇതേത്തുടര്ന്ന് വൈകിട്ട് അഞ്ചുമണിയോടെ കരാറുകാരെത്തി കാസര്‌കോട് ഗവ. കോളേജ് മൈതാനത്ത് നിര്‍മിച്ച താത്കാലിക ഹെലിപ്പാഡ് പൊളിച്ചുനീക്കി. ഗുജറാത്ത് ഡി.ഐ.ജി. ആര്‍.ജെ.സവാനി പരിശോധനയ്ക്കായി എത്തിയ സമയത്തായിരുന്നു ഇത്. മോശപ്പെട്ട സംഭവങ്ങളാണ് നടക്കുന്നതെന്ന് ജില്ലാ പോലീസ് മേധാവി തോംസണ് ജോസിനോട് അദ്ദേഹം സൂചിപ്പിച്ചു.
ഹെലിപ്പാഡിന്റെ ചെലവുകള്‍ യു.ഡി.എഫ്. സ്ഥാനാര്‍ഥി അഡ്വ. ടി.സിദ്ദിഖിന്റെ കണക്കിലാണ് വരുന്നതെന്നും പൊളിച്ചുനീക്കണമെന്ന് കളക്ടറുടെ ഉത്തരവുണ്ടായിരുന്നെന്നും ഡി.സി.സി. പ്രസിഡന്റ് അഡ്വ. സി.കെ.ശ്രീധരന്‍ പറഞ്ഞു. കോണ്‍ഗ്രസ് ചെലവില്‍ നിര്‍മിച്ച ഹെലിപ്പാഡില്‍ മോദി വന്നിറങ്ങിയാല്‍ ഉണ്ടായേക്കാവുന്ന വിവാദങ്ങള്‍ ഒഴിവാക്കുക മാത്രമായിരുന്നു ഉദ്ദേശ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
മോദി നാലിന് എത്തുന്നു എന്നാണ് ആദ്യം അറിയിച്ചിരുന്നത്. ഇതനുസരിച്ച് മൂന്ന്, നാല് തീയതികളില്‍ ബി.ജെ.പി. ഗവ. കോളേജ് മൈതാനവും രാഹുല്‍ഗാന്ധി പ്രസംഗിച്ച മുനിസിപ്പല്‍ സ്റ്റേഡിയവും ബുക്ക് ചെയ്തിരുന്നു. മോദിയുടെ വരവ് എട്ടിലേക്ക് മാറ്റിയതിനാല്‍ കോണ്ഗ്രസ്സിന് മൈതാനവും സ്റ്റേഡിയവും വിട്ടുകൊടുക്കാനുള്ള രാഷ്ട്രീയമര്യാദ തങ്ങള്‍ കാണിച്ചെന്നും തിരിച്ച് അതുണ്ടായില്ലെന്നുമാണ് ബി.ജെ.പി. ജില്ലാ നേതൃത്വം പറയുന്നത്. കടുത്ത അസഹിഷ്ണുതയുടെ ഭാഗമാണിതെന്നും മുസ്ലിം വോട്ടുകള്‍ ലക്ഷ്യമിട്ടാണ് ഈ ചെയ്തിയെന്നും ബി.ജെ.പി. ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. കെ.ശ്രീകാന്ത് പറഞ്ഞു.
No comments:
Post a Comment