Latest News

നടിയുടെ പേര് പറഞ്ഞാല്‍ 12 ലക്ഷത്തിന്റെ കാറ്: കുട്ടികളെ ലക്ഷ്യം വച്ച് ചാനലിന്റെ പേരില്‍ തട്ടിപ്പിന് ശ്രമം

കോട്ടയം: അവധിക്കാലത്ത് കുട്ടികളെ ലക്ഷ്യം വച്ച് ചാനലിന്റെ പേരില്‍ തട്ടിപ്പിന് ശ്രമം? മുഖം വ്യക്തമാക്കാതെ കാട്ടുന്ന നടി ആരാണെന്ന് ശരിയുത്തരം അയച്ചാല്‍ 12 ലക്ഷം രൂപയുടെ കാറോ അതിന്റെ വിലയോ സമ്മാനം നല്‍കുമെന്ന് വാഗ്ദാനം ചെയ്താണ് തട്ടിപ്പുകാര്‍ രംഗത്തുവന്നിരിക്കുന്നത്. ചാനലുകള്‍ തട്ടിപ്പിനു കൂട്ടു നില്‍ക്കില്ലെന്ന വിശ്വാസമാണ് ഇത്തരം തട്ടിപ്പു സംഘങ്ങള്‍ പുതിയ വഴി തെരഞ്ഞെടുക്കാന്‍ കാരണമെന്നു സംശയിക്കുന്നു.

എം ട്യൂണ്‍സ് എച്ച്ഡി എന്ന മ്യൂസിക് ചാനലിലേക്ക് ചോദ്യത്തിന് ഉത്തരം അയച്ച ഏറ്റുമാനൂര്‍ സ്വദേശിയായ വിദ്യാര്‍ഥിക്ക് 12 ലക്ഷം രൂപയുടെ കാര്‍ സമ്മാനമായി ലഭിച്ചുവെന്ന അറിയിപ്പ് ലഭിച്ചതോടെയാണ് തട്ടിപ്പിന് തുടക്കം. ചാനലിലെ സംഗീത പരിപാടിക്കിടെയായിരുന്നു മത്സരം. സോനാക്ഷി സിന്‍ഹ എന്ന ബോളിവുഡ് നടിയുടെ മുഖം മനസിലാക്കാന്‍ കഴിയുന്ന തരത്തില്‍ മറച്ച് സ്‌ക്രീനില്‍ കാട്ടി നടി ആരെന്നായിരുന്നു ചോദ്യം.

ചാനല്‍ കണ്ടുകൊണ്ടിരുന്ന വിദ്യാര്‍ഥി ശരിയുത്തരം സ്‌ക്രോള്‍ ചെയ്തു കാട്ടിയ നമ്പരിലേക്ക് അയക്കുകയും ചെയ്തു. അധികം വൈകാതെ ചാനലില്‍ നിന്നാണെന്നു പറഞ്ഞ് ഒരു യുവതി തിരിച്ചുവിളിച്ചു. അയച്ചത് ശരിയുത്തരം ആണെന്നും 12 ലക്ഷം രൂപയുടെ കാറ് സമ്മാനമായി ലഭിച്ചിട്ടുണ്ടെന്നും അറിയിച്ചു. പിറ്റേന്ന് ശനിയാഴ്ച ഉച്ചയ്ക്ക് മുന്‍പായി 6500 രൂപ പ്രോസസിംഗ് ഫീസായി ഡെപ്പാസിറ്റ് ചെയ്യണമെന്നും ഹിന്ദി മാത്രം അറിയാവുന്ന യുവതി വിദ്യാര്‍ഥിയോടു പറഞ്ഞു. ഇതോടെ കുട്ടി ഫോണ്‍ അച്ഛനു കൈമാറി.

അഭിഭാഷകന്‍ കൂടിയായ അദ്ദേഹം വിശദാംശങ്ങള്‍ അറിയിക്കണമെന്ന് ആവശ്യപ്പെട്ടു. ഇതോടെ പിറ്റേന്ന് വിളിക്കാമെന്നു പറഞ്ഞ് യുവതി ഫോണ്‍ കട്ട് ചെയ്തു. പിറ്റേന്ന് രാവിലെ വിളിച്ച് പണം നിക്ഷേപിക്കേണ്ട അക്കൗണ്ട് നമ്പരും അക്കൗണ്ട് ഉടമയുടെ നമ്പരും നല്‍കി. പണം അടച്ചാല്‍ 10 മിനിറ്റിനുള്ളില്‍ അക്കൗണ്ടിലേക്ക് 12 ലക്ഷം രൂപ ട്രാന്‍സ്ഫര്‍ ചെയ്യാമെന്നും യുവതി അറിയിച്ചു. എന്നാല്‍ തട്ടിപ്പ് മനസിലാക്കിയ അഭിഭാഷകന്‍ ഫോണ്‍ നമ്പരിലേക്ക് തിരിച്ചു വിളിച്ചു. എടുത്ത വ്യക്തി നമ്പര്‍ ടാറ്റ ഇന്‍ഡികോം ഓഫീസാണെന്നും ജാര്‍ഖണ്ഡിലെ റാഞ്ചിയിലേക്കാണ് വിളിച്ചിരിക്കുന്നതെന്നും പ്രതികരിച്ചു.

ഇതോടെ സമ്മാനം വാഗ്ദാനം ചെയ്ത് അവിടെനിന്ന് കോള്‍ ചെയ്തിരുന്നോ എന്നു ചോദിച്ചപ്പോള്‍ ഫോണ്‍ കട്ടായി. എന്നാല്‍ ഉടന്‍ തന്നെ തിരിച്ചു വിളിക്കുകയും സമ്മാനത്തിന്റെ കാര്യം സംസാരിക്കുകയും ചെയ്തു. അതോടെ 12 ലക്ഷത്തില്‍നിന്ന് ആറായിരം രൂപ എടുത്തിട്ട് ബാക്കി അയച്ചാല്‍ മതിയെന്നായി അഭിഭാഷകന്‍. അത് പറ്റില്ലെന്നും രൂപ അയച്ചാല്‍ ഉടന്‍ 12 ലക്ഷം അയച്ചു നല്‍കാമെന്നും ആവര്‍ത്തിച്ചതോടെ വിശദമായ ഇ മെയില്‍ അയക്കാന്‍ അഭിഭാഷകന്‍ ആവശ്യപ്പെട്ടു. ഇതോടെ ഫോണ്‍ കട്ട് ചെയ്ത സംഘം പിന്നീട് വിളിച്ചിട്ടില്ല.

ചോദ്യം സ്‌ക്രീനില്‍ പ്രദര്‍ശിക്കുമ്പോള്‍ത്തന്നെ ഇത് ചാനലിന്റെ പരിപാടിയല്ലെന്നും സമ്മാനവും മറ്റും നല്‍കുന്നത് ചാനല്‍ ഉത്തരവാദിത്വമല്ലെന്നും ചെറിയ അക്ഷരത്തില്‍ സ്‌ക്രോള്‍ പോകുന്നതായി പിന്നീടുള്ള ദിവസങ്ങളില്‍ ശ്രദ്ധിച്ചപ്പോള്‍ കാണാന്‍ കഴിഞ്ഞു. പലരും ഇതു ശ്രദ്ധിക്കാതെ പോകുന്നിടത്താണ് തട്ടിപ്പുകാരുടെ വിജയം. എം ട്യൂണ്‍സ് എന്ന ചാനലിന്റെ ഒഫീഷ്യല്‍ ലോഞ്ചിംഗ് പോലും നടന്നിട്ടില്ലെന്നാണ്‌  അറിയാന്‍ കഴിഞ്ഞത്. ഇതിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ 'കമിംഗ് സൂണ്‍' എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

തട്ടിപ്പുകാര്‍ മുതലെടുക്കുന്നതും ഇതാണ്. ടാറ്റ സ്‌കൈ, എയര്‍ടെല്‍ ഡിജിറ്റര്‍, ഡിഷ് ടിവി, വീഡിയോകോണ്‍ ഡിടിഎച്ച്, ഏഷ്യാനെറ്റ് തുടങ്ങിയ സര്‍വീസുകളിലെല്ലാം ഈ ചാനല്‍ ലഭ്യമാണ്. അവധിക്കാലത്ത് കുട്ടികള്‍ മ്യുസിക് ചാനലുകള്‍ കൂടുതല്‍ കാണാന്‍ സാധ്യതയുള്ളതിനാല്‍ ആ വിഭാഗത്തെ ലക്ഷ്യം വച്ചാകാം തട്ടിപ്പുകാര്‍ ഇറങ്ങിയിരിക്കുന്നതെന്നാണ് സംശയിക്കുന്നത്.Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Kottayam, Actress, Photo.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.