Latest News

  

രക്ഷിതാക്കള്‍ എതിര്‍ത്തു; എച്ച്‌ഐവി ബാധിതരായ കുട്ടികളെ പുറത്താക്കി

പനാജി: എച്ച് ഐ വി ബാധിതരായ 13 വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂള്‍ അധികൃതര്‍ പ്രവേശനം നിഷേധിക്കുന്നതായി പരാതി. മറ്റു വിദ്യാര്‍ത്ഥികളുടെ മാതാപിതാക്കളില്‍ നിന്നുളള ശക്തമായ പ്രതിഷേധത്തെ തുടര്‍ന്നാണ് സ്‌കൂള്‍ അധികൃതരുടെ നടപടി. 

പനാജിയില്‍ നിന്ന് 50 കിലോമീറ്റര്‍ അകലെ റിവോണയിലുളള സ്‌കൂളാണ് എച്ച് ഐവി ബാധിതരായ വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നിഷേധിച്ചത്. എച്ച് ഐവി ബാധിതരായ കുട്ടികള്‍ക്കു വേണ്ടി സര്‍ക്കാര്‍ നടത്തുന്ന സ്ഥാപനത്തിലെ അന്തേവാസികളാണ് കുട്ടികള്‍. 

ഈ സ്‌കുളില്‍ പഠിക്കുന്ന 23 എച്ച് ഐ വി ബാധിതരായ കുട്ടികളെ കൂടി പുറത്താക്കണമെന്ന് മാതാപിതാക്കള്‍ ആവശ്യപ്പെട്ടു. മാതാപിതാക്കള്‍ ആകുലപ്പെടേണ്ട സാഹചര്യം ഇപ്പോള്‍ നിലവില്‍ ഇല്ലെന്നും ആവശ്യം മനുഷ്യത്വ രഹിതമാണന്നും ജില്ലാ കളക്ടര്‍ അജിത് പഞ്ചാവദേക്കര്‍ മാധ്യമങ്ങളോട് പറഞ്ഞു. കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്നില്ലെന്ന് ഉറപ്പു വരുത്തേണ്ടതുണ്ട് എന്ന് കാണിച്ച് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ഗോവന്‍ വിദ്യാഭ്യാസ ഡയറക്ടര്‍ അനില്‍ പവാറിന് നിവേദനം സമര്‍പ്പിച്ചിട്ടുണ്ട്. 

മാതാപിതാക്കളുടെ ആവശ്യം മനുഷ്യത്വരഹിതവും നിയമവിരുദ്ധവുമാണന്ന് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാ: ലിനോ ഫ്‌ളോറിഡോ പറഞ്ഞു. പക്ഷേ സ്‌കൂള്‍ ബഹിഷ്‌കരിക്കുമെന്ന മാതാപിതാക്കളുടെ നിര്‍ബദ്ധത്തിനു മുന്‍പില്‍ താന്‍ നിസ്സഹായനാണന്നും അദ്ദേഹം പറഞ്ഞു. 

സ്‌കൂള്‍ പ്രവേശനം നിഷേധിക്കപ്പെട്ട 13 കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കാന്‍ ക്രിസ്ത്യന്‍ സന്യാസിനികളുടെ നേതൃത്വത്തില്‍ നടത്തുന്ന സ്‌കൂള്‍ തയ്യാറായിട്ടുണ്ട്. സ്‌കൂള്‍ കുട്ടികളെ പുറത്താക്കിയ നടപടി നഗനമായ മനുഷ്യാവകാശ ലംഘനമാണെന്നും കുട്ടികളെ സ്‌കൂള്‍ അധികൃതര്‍ തിരിച്ചെടുത്തില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നും ഗ്രീന്‍ ഗോവ ഫൗണ്ടേഷന്‍ മേധാവി റെയ്‌സന്‍ അല്‍മേദിയ മാധ്യമങ്ങളോട് പറഞ്ഞു

Keywords: National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.