Latest News

തീ ആളികത്തി, മരണത്തെ മുഖാമുഖം കണ്ടു; സിംഗപ്പൂർ എയർലൈന്‍സ് യാത്രക്കാർ


സിംഗപ്പൂർ: [www.malabarflash.com] തീപിടിച്ച സിംഗപ്പൂർ എയർലൈന്‍സ് വിമാനത്തിലെ യാത്രക്കാർ രക്ഷപെട്ടത് തലനാരിഴയ്ക്ക്. മരണത്തെ മുഖാമുഖം കാണുന്ന അനുഭവമായിരുന്നുവെന്ന് സിംഗപ്പൂർ എയർലൈൻസിലെ യാത്രക്കാർ പറഞ്ഞു. വിമാനം ചംഗി വിമാനത്താവളത്തിൽ അടിയന്തരമായി തിരിച്ചിറങ്ങിയ ഉടനെ എൻജിനു തീപിടിക്കുകയായിരുന്നു.
ചംഗി വിമാനത്താവളത്തിൽ തിരിച്ചിറങ്ങിയ ഉടനെയാണ് വിമാനത്തിന്റെ വലത് എൻജിനു സമീപം തീ പടർന്നത്. ഓരോ നിമിഷവും തീനാളങ്ങൾ അത്യന്തം വർധിച്ചുവരികയായിരുന്നു. ഫയർ എൻജിനുകൾ എത്തിയപ്പോൾ മൂന്ന് –നാല് അ‌ടി വരെ ഉയരത്തിൽ തീനാളമെത്തിയിരുന്നു.
ലാൻഡിങ്ങിനു പിന്നാലെ അഗ്നിശമനസേന വിമാനത്തിനടുത്തേക്കു പാഞ്ഞെത്തുന്നതാണ് കണ്ടതെന്ന് യാത്രക്കാരനായ അമിത് ജയിൻ പറഞ്ഞു. തീനാളങ്ങൾ ഉയർന്നുവരുന്നത് ഞങ്ങൾക്കു കാണാമായിരുന്നു. ചിലർ തലയ്ക്കുമുകളിലുള്ള കംപാർട്മെന്റിൽ നിന്നു ബാഗുകൾ എടുത്തുമാറ്റി. ഞങ്ങളെ പുറത്തെത്തിക്കൂ, വാതിൽ തുറക്കൂയെന്ന് യാത്രക്കാർ ആക്രോശിക്കുന്നുണ്ടായിരുന്നു. സീറ്റിൽ നിന്ന് എഴുന്നേറ്റ് എല്ലാവരും ഇടനാഴിയിൽ നിൽക്കുകയായിരുന്നു. തീയണയ്ക്കാൻ ശ്രമിക്കുകയാണെന്നും യാത്രക്കാർ ശാന്തമായിരിക്കണമെന്നും പൈലറ്റും ജീവനക്കാരും അഭ്യർഥിച്ചെങ്കിലും യാത്രക്കാരുടെ ആശങ്കകളെ അതൊന്നും അകറ്റിയിരുന്നില്ലെന്ന് ജയിൻ കൂട്ടിച്ചേർത്തു.
എൻജിൻ തകരാറെന്ന സന്ദേശം അറിയിച്ചിരുന്നതിനാൽ സുരക്ഷാസേനയ്ക്ക് എല്ലാവിധ തയാറെടുപ്പുകളുമായി വിമാനത്താവളത്തിൽ സജ്ജമായി നിൽക്കാൻ കഴിഞ്ഞിരുന്നു. തീപിടിത്തം ആരംഭിച്ചു മിനിറ്റുകൾക്കകം എയർപോർട്ട് എമർജൻസി സർവീസ് ടീം അതു നിയന്ത്രണ വിധേയമാക്കിയെന്ന് സിംഗപ്പൂർ എയർലൈൻസ് അധികൃതർ പ്രസ്താവനയിൽ അറിയിച്ചു.
തിങ്കളാഴ്ച രാവിലെയാണ് ഇറ്റലിയിലെ മിലനിലേക്ക് പറന്ന സിംഗപ്പൂർ എയർലൈൻസ് വിമാനം എൻജിൻ തകരാറിനെ തുടർന്ന് അടിയന്തരമായി നിലത്തിറക്കിയത്. വിമാനം നിലത്തിറക്കിയ ഉ‌ടനെ എൻജിനിൽ തീപടർന്നു. 222 യാത്രക്കാരും 19 ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. ഇവരെല്ലാം സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു.

Keywords: World News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.