Latest News

  

ഒരു കോടിയുടെ ചിട്ടി തട്ടിപ്പ് നടത്തി മുങ്ങിയ ക്ഷേത്ര ഭാരവാഹി ബാംഗ്ലൂരില്‍ പിടിയില്‍

അമ്പലത്തറ:[www.malabarflash.com] മലയോരത്തെ ചില ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട് ചിട്ടി നടത്തി ഒരു കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയ ക്ഷേത്ര ഭാരവാഹി ബാംഗ്ലൂര്‍ വിമാനത്താവളത്തില്‍ പിടിയിലായി.

ക്ഷേത്ര ഭാരവാഹിയായിരുന്ന അട്ടേങ്ങാനത്തെ നവീന്‍ ചന്ദിനെയാണ് വിദേശത്ത് നിന്നും നാട്ടിലേക്കുള്ള യാത്രക്കിടെ ബുധനാഴ്ച ബാംഗ്ലൂര്‍ വിമാനത്താവളത്തിലെ എമിഗ്രേഷന്‍ വിഭാഗം തടഞ്ഞ് വെച്ച് അമ്പലത്തറ പോലീസ് സ്റ്റേഷനില്‍ വിവരം കൈമാറിയത്.

തട്ടിപ്പ് പുറത്ത് വന്നതോടെ നാട്ടില്‍ നിന്ന് മുങ്ങിയ നവീനെതിരെ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ബാംഗ്ലൂര്‍ വിമാനത്താവളത്തില്‍ എമിഗ്രേഷന്‍ വിഭാഗം ഇയാളെ തടഞ്ഞ് വെച്ചത്. തട്ടിപ്പ് നടത്തി ഒരുവര്‍ഷം മുമ്പ് വിദേശത്തേക്ക് കടന്ന നവീന്‍ചന്ദ് ബാംഗ്ലൂര്‍ വഴി കഴിഞ്ഞദിവസം നാട്ടിലേക്ക് മടങ്ങുകയായിരുന്നു. ചിട്ടി തട്ടിപ്പില്‍ ഇരയായ നിരവധി പേരുടെ പരാതി അമ്പലത്തറ പോലീസ് സ്റ്റേഷനില്‍ നിലവിലുണ്ട്.

നവീന്‍ചന്ദിനെ തടഞ്ഞുവെച്ച വിവരമറിഞ്ഞ് ബേക്കല്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വിശ്വംഭരന്‍, അമ്പലത്തറ എസ് ഐ എം വി രാജഗോപാലന്‍ എന്നിവര്‍ ബാംഗ്ലൂരിലെത്തി നവീന്‍ ചന്ദിനെ കസ്റ്റഡിയിലെടുത്തു. അമ്പലത്തറ സ്റ്റേഷനിലേക്ക് കൊണ്ടുവന്ന ഇയാളെ പോലീസ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. 
നവീന്‍ ചന്ദിനെ കോടതി രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു. 

ക്ഷേത്രം മറയാക്കി ചിട്ടി നടത്തിയപ്പോള്‍ എല്ലാവരും നടത്തിപ്പുകാരനായ നവീന്‍ ചന്ദിനെ ഏറെ വിശ്വസിച്ചിരുന്നു. തട്ടിപ്പ് നടത്താന്‍ ഇയാള്‍ക്ക് അത് ബലമായി. പലര്‍ക്കും ലക്ഷങ്ങളാണ് ചിട്ടി തട്ടിപ്പിലൂടെ നഷ്ടപ്പെട്ടത്. പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് പോലീസ് നവീന്‍ ചന്ദിനെതിരെ കേസെടുത്തു. വിവാഹ ആവശ്യത്തിനും മറ്റു നിര്‍മ്മാണത്തിനുമാണ് മിക്കവരും ചിട്ടില്‍ ചേര്‍ന്നത്.


Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.