കണ്ണൂര്‍: ആലുവ പെരുമ്പാവൂരിലെ വ്യാപാരിയെ തട്ടിക്കൊണ്ടുപോയി 5 ലക്ഷം രൂപ കൈക്കലാക്കിയ ശേഷം മര്‍ദ്ദിച്ച് പരിക്കേല്‍പ്പിച്ച സംഭവത്തില്‍ മൂന്നംഗ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു.[www.malabarflash.com]
കണ്ണാടിപ്പറമ്പ് സ്വദേശികളായ പി റഹീസ് (28), കെ റനില്‍ (25), എം സന്ദീപ് (27) എന്നിവരെയാണ് ടൗണ്‍ പോലീസ് തിങ്കളാഴ്ച പുലര്‍ച്ചെ കണ്ണാടിപ്പറമ്പില്‍ വെച്ച് അറസ്റ്റ് ചെയ്തത്.
കണ്ണാടിപ്പറമ്പിലെ ഒളിസങ്കേതത്തില്‍ താമസിക്കുകയായിരുന്ന പ്രതികളെ സാഹസികമായാണ് ടൗണ്‍ സി ഐ ടി കെ രത്‌നകുമാറും എസ് ഐ ശ്രീജിത്ത് കൊടേരിയും സംഘവും വലയിലാക്കിയത്. മല്‍പിടുത്തത്തിനിടയില്‍ എസ് ഐ ശ്രീജിത്ത് കൊടേരിക്ക് കാലിന് പരിക്കേല്‍ക്കുകയും ചെയ്തു.
വ്യാപാരിയായ മുഹമ്മദ് അഷറഫിനെ കണ്ണൂരിലെ ടൂറിസ്റ്റ്‌ഹോമില്‍ താമസിക്കവെ ബിസിനസ് കാര്യത്തെ കുറിച്ച് സംസാരിക്കാനെന്ന് പറഞ്ഞ് പുതിയതെരുവിലേക്ക് വിളിച്ചുവരുത്തുകയും അവിടുന്ന് കാറില്‍ കണ്ണാടിപ്പറമ്പിലെ ഒരു ക്ഷേത്രത്തിന് പിറകിലുള്ള കാട്ടിലേക്ക് തട്ടിക്കൊണ്ടുപോയി പണം തട്ടിയെടുത്തുവെന്ന പരാതിയിലാണ് ടൗണ്‍ പോലീസ് കേസെടുത്തിരുന്നത്.
വ്യാപാരിയുടെ കയ്യിലുണ്ടായിരുന്ന രണ്ട് ബിസിനസ് എ ടി എം കാര്‍ഡുകള്‍ ഉപയോഗിച്ചാണ് പ്രതികള്‍ പണം പിന്‍വലിച്ചത്. എതിര്‍ത്തപ്പോള്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി മര്‍ദ്ദിച്ച് പരിക്കേല്‍പ്പിച്ചതിനാല്‍ എ കെ ജി ആശുപത്രിയില്‍ ചികിത്സ തേടിയ മുഹമ്മദ് അഷറഫ് അവിടുന്നാണ് പോലീസില്‍ പരാതി നല്‍കിയത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവം.
ഗള്‍ഫിലെ വന്‍വ്യവസായിയാണ് അഷറഫ്. വിദേശത്തും മംഗലാപുരത്തും കണ്ണൂരിലും ഫര്‍ണിച്ചര്‍ വ്യവസായിയാണ് അക്രമത്തിനിരയായ അഷ്‌റഫ് എന്ന് പോലീസ് പറഞ്ഞു. വളപട്ടണത്തെ ചില പ്ലൈവുഡ് സ്ഥാപനങ്ങളില്‍ അഷ്‌റഫ് പാര്‍ട്ണറാണ്. ബിസിനസ് ആവശ്യാര്‍ത്ഥം കണ്ണൂരിലെത്തിയാല്‍ റെയില്‍വെ സ്റ്റേഷന് സമീപമുള്ള ഒരു ലോഡ്ജിലാണ് താമസിക്കാറ്. ഇതിനിടയില്‍ പരിചയപ്പെട്ട കണ്ണൂര്‍ സ്വദേശിയായ യുവാവാണ് അഷ്‌റഫിന്റെ ഡ്രൈവര്‍.
സംഭവം നടക്കുന്നതിന് തലേന്ന് രാത്രി അഷ്‌റഫ് ഡ്രൈവറെ വിളിക്കുകയും മംഗലാപുരത്ത് പോകാനുണ്ടെന്ന് പറഞ്ഞപ്പോള്‍ ഉടനെ വരാമെന്ന് പറഞ്ഞ് ഫോണ്‍ കട്ട് ചെയ്യുകയും ചെയ്തു.
ഗള്‍ഫുകാരനും ബിസിനസുകാരനുമായ അഷ്‌റഫിന്റെ കയ്യില്‍ വന്‍പണമുണ്ടെന്നുള്ള കാര്യം ഡ്രൈവര്‍ക്കറിയാമായിരുന്നു. അഷ്‌റഫിനോട് പുതിയതെരുവിലെത്താന്‍ ഡ്രൈവര്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് പുതിയതെരുവിലെത്തിയത്. കണ്ണാടിപ്പറമ്പിലുള്ള റെനിയുടെ വീട്ടില്‍ പോയി ഭക്ഷണം കഴിച്ച് മംഗലാപുരത്ത് പോകാമെന്ന് പറഞ്ഞാണ് അഷ്‌റഫിനെ കാറില്‍ കയറ്റി പുറപ്പെട്ടത്. തുടര്‍ന്ന് സംഘം കത്തി കാട്ടി ഭീഷണിപ്പെടുത്തി അക്രമിക്കുകയായിരുന്നു.
ഒരു ദിവസം മുഴുവന്‍ ആളൊഴിഞ്ഞ വീട്ടില്‍ വെച്ചായിരുന്നു അക്രമം. ഇതിനിടയിലാണ് എ ടി എം കാര്‍ഡ് ഉപയോഗിച്ച് കണ്ണൂരിലെ രണ്ട് എ ടി എം കൗണ്ടറുകളില്‍ നിന്ന് 4,80,000 രൂപ പിന്‍വലിച്ചത്. തുടര്‍ന്ന് അഷ്‌റഫിന്റെ കയ്യിലുണ്ടായിരുന്ന 20,000 രൂപയും റാഡോ വാച്ചും വിലപിടിപ്പുള്ള മൊബൈല്‍ ഫോണും സംഘം തട്ടിയെടുത്തു. മുഖ്യപ്രതിയായ ഡ്രൈവര്‍ ഒളിവിലാണെന്ന് പോലീസ് പറഞ്ഞു.
അന്വേഷണ സംഘത്തില്‍ സി ഐയുടെ സ്‌ക്വാഡില്‍ പെട്ട രഞ്ജിത്ത്, അജിത്ത്, ബാബു പ്രസാദ് തുടങ്ങിയവരുമുണ്ടായിരുന്നു.
No comments:
Post a Comment