Latest News

നാറാത്ത് സംഭവം: പോപ്പുലര്‍ഫ്രണ്ടിനെ അപകീര്‍ത്തിപ്പെടുത്താന്‍ പോലീസ് കഥകളുണ്ടാക്കിയെന്ന് NCHRO

കണ്ണൂര്‍: നാറാത്ത് ആയുധ പരിശീലനത്തിനിടെ പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകര്‍ അറസ്റ്റിലായെന്ന കഥ പോലീസ് പ്രചരിപ്പിച്ചതാണെന്ന് എന്‍.സി.എച്ച്.ആര്‍.ഒ. (നാഷണല്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ഹ്യൂമണ്‍ റൈറ്റ് ഓര്‍ഗനൈസേഷന്‍) പ്രവര്‍ത്തകര്‍ കുറ്റപ്പെടുത്തുന്നു. ഈ സംഭവത്തെക്കുറിച്ച് തെളിവെടുപ്പ് നടത്തി തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഇങ്ങനെ പറയുന്നത്. ഒരേയൊരു വാളും ഏതാനും മരവടികളുംകൊണ്ട് എന്തുതരം ആയുധപരിശീലനമാണ് 21 പേര്‍ക്ക് നല്‍കുക. ബോംബ് പരിശീലനമെന്നത് പോലീസുണ്ടാക്കിയ കെട്ടുകഥയാണ്. ബോംബ് പിടിച്ചെടുത്തതിന് ഒരു ദൃക്‌സാക്ഷി പോലുമില്ല. പോപ്പുലര്‍ ഫ്രണ്ട് എന്ന സംഘടനയ്ക്ക് അപകീര്‍ത്തിയുണ്ടാക്കാനാണ് പോലീസ് ഈ കഥ കെട്ടിച്ചമച്ചത്- റിപ്പോര്‍ട്ടില്‍ പറയുന്നു.

നാട്ടുകാര്‍, പോലീസ് ഉദ്യോഗസ്ഥര്‍, പ്രതികളാക്കപ്പെട്ടവരുടെ ബന്ധുക്കള്‍ എന്നിവരില്‍നിന്ന് വിവരങ്ങള്‍ ശേഖരിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. റെനി ഐലിന്‍, പ്രൊഫ. എ.മാര്‍ക്‌സ്, ജി.സുകുമാരന്‍, അഡ്വ. എം.അബ്ദുള്‍ഷുക്കൂര്‍, കെ.എം.വേണുഗോപാല്‍, മുഹമ്മദ് ഷബീര്‍ എന്നിവരാണ് തെളിവെടുപ്പ് നടത്തിയത്. പ്രതികളെ അറസ്റ്റുചെയ്യുമ്പോള്‍ സുപ്രീം കോടതിയുടെ മാര്‍ഗനിര്‍ദേശങ്ങള്‍പോലും പോലീസ് പാലിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു. മാധ്യമങ്ങളില്‍നിന്നാണ് ബന്ധുക്കള്‍ അറസ്റ്റുവിവരം അറിയുന്നത്. ബന്ധുക്കളെ അറസ്റ്റ് വിവരം അറിയിച്ചെന്ന് പോലീസ് കോടതിയില്‍ തെറ്റായ വിവരമാണ് നല്‍കിയതെന്നും റിപ്പോര്‍ട്ടിലുണ്ട്.

അറസ്റ്റിലായ 21 പേരില്‍ ഒരാളൊഴികെ ആരും വേറെ കേസില്‍ ഉള്‍പ്പെട്ടവരല്ല. മനുഷ്യാവകാശലംഘനമാണ് നാറാത്തുണ്ടായിട്ടുള്ളത്. ഇക്കാര്യം ചൂണ്ടിക്കാട്ടി രാഷ്ട്രപതിക്ക് നിവേദനം നല്‍കിയിട്ടുണ്ട്. ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമം (യു.എ.പി.എ.) പുനഃപരിശോധിക്കണമെന്നും അറസ്റ്റിലായവര്‍ക്ക് പുനരധിവാസവും നഷ്ടപരിഹാരവും നല്കണമെന്നും രാഷ്ട്രപതിക്ക് നല്‍കിയ നിവേദനത്തില്‍ പറയുന്നുണ്ട്. 

ദേശീയ മനുഷ്യാവകാശ ഏകോപന സമിതി (എന്‍.സി.എച്ച്.ആര്‍.ഒ.) കേരള ചാപ്റ്റര്‍ നടത്തിയ വസ്തുതാന്വേഷണ റിപോര്‍ട്ട് എഴുത്തുകാരനും ആക്റ്റിവിസ്റ്റുമായ കെ എം വേണുഗോപാല്‍ പ്രകാശനം ചെയ്തു. കണ്ണൂര്‍ ജവഹര്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍, ജയിലില്‍ കഴിയുന്ന എടക്കാട് സ്വദേശി ജംഷീദിന്റെ മാതാവ് ഷംസുന്നിസ റിപോര്‍ട്ട് ഏറ്റുവാങ്ങി.

തങ്ങള്‍ക്കു ഹിതകരമല്ലാത്തതു വിളിച്ചുപറയുന്നവരെ പോലിസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്താനാണു സര്‍ക്കാരുകള്‍ ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ന്യൂനപക്ഷങ്ങള്‍ക്കെതിരേ അജണ്ടകള്‍ തയ്യാറാക്കിയുള്ള ആക്രമണമാണ് ഭരണകൂടത്തിന്റെ നേതൃത്തില്‍ നടക്കുന്നത്. ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെട്ടവര്‍ ഇതിനായി പാര്‍ലമെന്റില്‍ കരിനിയമങ്ങള്‍ പാസാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സമൂഹത്തില്‍ ഏറ്റവും ചെലവാകുന്ന കാര്യങ്ങളായി ഭീകരതയും ദേശസ്‌നേഹവും മാറിയെന്ന് എന്‍.സി.എച്ച്.ആര്‍.ഒ. ദേശീയ സെക്രട്ടറി റെനി ഐലിന്‍ അഭിപ്രായപ്പെട്ടു.

വളഞ്ഞിട്ടു ആക്രമിക്കപ്പെടുന്ന സമുദായങ്ങള്‍ക്കും സംഘടനകള്‍ക്കും പ്രതിരോധിക്കാനുള്ള അവകാശമുണെ്ടന്ന് പോരാട്ടം നേതാവ് പി ജെ മാനുവല്‍ അഭിപ്രായപ്പെട്ടു. ഭീതിയുടെ നിര്‍മിതിയാണ് സാമ്രാജ്യത്വശക്തികള്‍ ആഗ്രഹിക്കുന്നതെന്നു മക്തബ് പത്രാധിപര്‍ സുനില്‍ പറഞ്ഞു. കെ പി ഒ റഹ്മത്തുല്ല, പ്രേമന്‍ പാതിരിയാട്, സുബൈര്‍ മടക്കര, റഷീദ് മക്കട എന്നിവരും സംസാരിച്ചു.

നാറാത്ത് സംഭവവുമായി ബന്ധപ്പെട്ട് ജയിലില്‍ കഴിയുന്നവരുടെ ബന്ധുക്കളും മനുഷ്യാവകാശ പ്രവര്‍ത്തകരും സംബന്ധിച്ചു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram New

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.