Latest News

കരിങ്കൊടി കാണിക്കാനെത്തിയവരെ യൂത്ത്‌കോണ്‍ഗ്രസ്സുകാര്‍ വളഞ്ഞിട്ട് തല്ലി

തൊടുപുഴ: മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കാന്‍ കാത്തുനിന്ന ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകരെ ലോറിയിലെത്തിയ യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വളഞ്ഞിട്ട് തല്ലി.തലയ്ക്കടിയേറ്റ ഡി.വൈ.എഫ്.ഐ. തൊടുപുഴ ബ്ലോക്ക് പ്രസിഡന്റ് ഷിംനാസിനെ കോലഞ്ചേരി മെഡിക്കല്‍ കോളേജാസ്​പത്രിയിലേക്ക് കൊണ്ടുപോയി.

കോലാനിയില്‍ വ്യാഴാഴ്ച വൈകീട്ട് ഏഴ് മണിയോടെയായിരുന്നു സംഭവം. ഇതിന് തുടര്‍ച്ചയായി കോണ്‍ഗ്രസ് നേതാവ് ടോമി അഗസ്റ്റിന്റെ ജീപ്പ് അടിച്ചു തകര്‍ത്തു. ഇത് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണെന്ന് സംശയിക്കുന്നു.

യു.എന്‍. അവാര്‍ഡ് നേടിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് ഇടുക്കി ഡി.സി.സി. വ്യാഴാഴ്ച വൈകീട്ട് തൊടുപുഴയില്‍ സ്വീകരണം ഒരുക്കിയിരുന്നു. ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കുന്ന ചടങ്ങായതിനാല്‍ കരിങ്കൊടി കാണിക്കാനായി ഡി.വൈ.എഫ്.ഐക്കാര്‍ നഗരത്തിന്റെ വിവിധയിടങ്ങളില്‍ കാത്തുനിന്നിരുന്നു. വെങ്ങല്ലൂരില്‍ കാത്തുനിന്ന ഇവര്‍ മന്ത്രി കെ.ബാബുവിനെ കരിങ്കൊടി കാട്ടി.

എന്നാല്‍ അപ്പോഴേയ്ക്കും കുറെ യൂത്ത് കോണ്‍ഗ്രസ്സുകാര്‍ ഇങ്ങോട്ട് സംഘടിച്ചെത്തിയതിനാല്‍ മന്ത്രി തിരുവഞ്ചൂരിനെ കരിങ്കൊടി കാണിക്കാന്‍ ഡി.വൈ.എഫ്.ഐക്കാര്‍ക്ക് കഴിഞ്ഞില്ല. ഇതിനിടെ മുഖ്യമന്ത്രി വരുന്നത് പാലാ റൂട്ടിലാണെന്നറിഞ്ഞ് ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ കോലാനിയിലേക്ക് പോയി. ഇവിടെ നിന്ന് ഒരു സംഘം നടുക്കണ്ടത്തിന് പോയി. വിരലില്‍ എണ്ണാവുന്നവരേ കോലാനിയില്‍ ഉണ്ടായിരുന്നുള്ളൂ. ഈ സമയത്ത് ലോറിയില്‍ വടികളുമായെത്തിയ യൂത്ത് കോണ്‍ഗ്രസ്​പ്രവര്‍ത്തകര്‍ ഡിവൈഎഫ്‌ഐക്കാരെ വളഞ്ഞിട്ട് തല്ലുകയായിരുന്നു.

തലയ്ക്കടിയേറ്റ ഷിംനാസിനെ ഉടന്‍ തൊടുപുഴയിലെ ആസ്​പത്രിയിലേക്ക് കൊണ്ടുപോയി. പിന്നീട് കോലഞ്ചേരിക്ക് മാറ്റി. അടി കിട്ടിയവര്‍ സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടു. ആദ്യമെല്ലാം കാഴ്ചക്കാരായി നിന്ന പോലീസ് അവസാനഘട്ടത്തിലാണ് ഇടപെട്ടത്. എന്നാല്‍ നടുക്കണ്ടത്തേക്ക് പോയ സംഘം അവിടെ മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടി. കോലാനിയിലെ സംഘര്‍ഷം ഒഴിഞ്ഞതിനുപിന്നാലെ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോയി.

മുനിസിപ്പല്‍ മൈതാനിയില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പങ്കെടുത്ത് മടങ്ങിയ ശേഷമാണ് വേദിക്കെതിരെ റോഡില്‍ പാര്‍ക്ക് ചെയ്തിരുന്ന ജീപ്പ് തകര്‍ത്തത്. ഉടുമ്പന്നൂര്‍ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡംഗം ടോമി അഗസ്റ്റിന്‍േറതായിരുന്നു ജീപ്പ്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.