Latest News

  

കാസര്‍കോട് തീരത്തടിഞ്ഞ ടാങ്കുകളും കണ്ടെയ്‌നറും ബേപ്പൂരേക്ക് മാറ്റാന്‍ തീരുമാനം

കാസര്‍കോട്: കാസര്‍കോട് തീരത്തടിഞ്ഞ ടാങ്കുകളും കണ്ടെയ്‌നറും ബേപ്പൂര്‍ തുറമുഖത്തേക്ക് മാറ്റാന്‍ തീരുമാനം. കപ്പല്‍ക്കമ്പനി ഏറ്റെടുക്കുന്നതുവരെ അവ സൂക്ഷിക്കുന്നതിന് തുറമുഖവകുപ്പ് പച്ചക്കൊടി കാണിച്ചു. കാസര്‍കോട് തീരത്തുള്ള ആറു ടാങ്കുകളും ഒരു കണ്ടെയ്‌നറും കോഴിക്കോട് പുതിയാപ്പയിലെ കണ്ടെയ്‌നറും ബേപ്പൂരേക്ക് മാറ്റാനാണ് തീരുമാനം.

ടാങ്കുകളും കണ്ടെയ്‌നറും മാറ്റുന്നതിന് കപ്പല്‍ക്കമ്പനിക്കാവശ്യമായ നിര്‍ദേശങ്ങളും സഹായങ്ങളും തീരദേശ സംരക്ഷണസേന നല്കും. ടാങ്കുകള്‍ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് ജില്ലാ ഭരണകൂടം തുറമുഖവകുപ്പിന് കത്ത് നല്കിക്കഴിഞ്ഞു. കണ്ണൂര്‍ അഴീക്കലിലേക്ക് ടാങ്കുകളും കണ്ടെയ്‌നറും കൊണ്ടുപോകാന്‍ നീക്കമുണ്ടായിരുന്നെങ്കിലും സൗകര്യക്കുറവുമൂലം അത് ഉപേക്ഷിച്ചു.

ഒമാന്‍ തീരത്ത് മുങ്ങിയ എം.വി.എം.ഒ.എല്‍.കംഫര്‍ട്ട് കപ്പലില്‍നിന്നുള്ള സാധനങ്ങളാണ് കാസര്‍കോട്ടെയും കോഴിക്കോട്ടെയും തീരത്തടിഞ്ഞത്. ജൂലായ് 23നാണ് മഞ്ചേശ്വരം ബേരിക്കയില്‍ ആദ്യ മൂന്നുടാങ്കുകള്‍ കരയ്ക്കടിഞ്ഞത്. സമുദ്രസംബന്ധിയായ ഇന്‍ഷൂറന്‍സ് കൈകാര്യം ചെയ്യുന്ന പ്രൊട്ടക്ഷന്‍ ആന്‍ഡ് ഇന്‍ഡെമിനിറ്റി ക്ലബിന്റെ പ്രതിനിധി ക്യാപ്റ്റന്‍ ലോബോ വിവരമറിഞ്ഞ് എത്തിയിരുന്നു. സാധനങ്ങള്‍ നീക്കുന്നതിന് ഒരുമാസത്തെ സമയം ക്യാപ്റ്റന്‍ ലോബോ അഭ്യര്‍ഥിച്ചെങ്കിലും പത്തുദിവസത്തിനകം മാറ്റണമെന്നാണ് ജില്ലാ ഭരണകൂടം നിര്‍ദേശിച്ചത്.

ശീതീകരണവാതകമായ ഫ്രീയോണ്‍ 22 കടത്തുകയായിരുന്ന ടാങ്കുകളാണ് കാസര്‍കോട്ട് അടിഞ്ഞവയെന്ന് തിരിച്ചറിഞ്ഞിരുന്നു. ടാങ്കുകളില്‍ വാതകമില്ലെന്നും അധികൃതര്‍ സ്ഥിരീകരിച്ചു. എന്നാല്‍, ബേരിക്കയിലെ ടാങ്കുകളില്‍നിന്ന് വാതകം ചോര്‍ന്നത് തീരത്ത് ആശങ്ക പടര്‍ത്തിയിരുന്നു. തിരയില്‍പ്പെട്ട് ടാങ്കുകള്‍ അനങ്ങിയപ്പോള്‍ ഉള്ളില്‍ അടിഞ്ഞ വാതകത്തിന്റെ അംശം പുറത്തുവന്നതിനാലാണ് പരിസരത്ത് ദുര്‍ഗന്ധം പടര്‍ന്നതെന്നാണ് അധികൃതരുടെ വിശദീകരണം.

ബേക്കല്‍ തൃക്കണ്ണാട് കടപ്പുറത്ത് അടിഞ്ഞ കണ്ടെയ്‌നറിനുള്ളില്‍ എന്താണ് ഉള്ളതെന്ന് വ്യക്തമായിട്ടില്ല. തുറക്കാത്ത അതിന് പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഫ്രിഡ്ജ്, സിലിന്‍ഡര്‍, ഫുട്‌ബോള്‍, കാപ്പിപ്പൊടി തുടങ്ങിയവയും തീരത്ത് അടിഞ്ഞിരുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.