Latest News

നിര്‍ധനരായ അഞ്ചു പെണ്‍കുട്ടികളുടെ വിവാഹവും മൂന്നു ഭവനങ്ങളുടെ സമര്‍പ്പണവുമൊരുക്കി 'മഹര്‍ ബൈത്തുന്നൂര്‍– 2017'

കാഞ്ഞങ്ങാട്: പടന്നക്കാട് മെഹബൂബെ മില്ലത്ത് ചാരിറ്റബിള്‍ സെന്റര്‍ നേതൃത്വത്തില്‍ 'മഹര്‍ ബൈത്തുന്നൂര്‍– 2017'– സമൂഹ വിവാഹവും ബൈത്തുന്നൂര്‍ താക്കോല്‍ദാനവും ആംബുലന്‍സ് സമര്‍പ്പണവും ഞായാറാഴ്ച പടന്നക്കാട് മെഹ്ബൂബെ മില്ലത്ത് നഗറില്‍ നടക്കും.[www.malabarflash.com] 

നിര്‍ധനരായ അഞ്ചു പെണ്‍കുട്ടികളുടെ വിവാഹവും മൂന്നു ബൈത്തുന്നൂര്‍ ഭവനങ്ങളുടെ താക്കോല്‍ദാനവുമാണ് നടക്കുക. ജിസിസി മില്ലത്ത് സാന്ത്വനം എംഎംസിസി സംയുക്തമായാണ് ആംബുലന്‍സ് നല്‍കുന്നത്.
വൈകിട്ട് ഏഴിനു മന്ത്രി ഇ.ചന്ദ്രശേഖരന്‍ പരിപാടി ഉദ്ഘാടനം ചെയ്യും. കാന്തപുരം എ.പി.അബൂബക്കര്‍ മുസല്യാര്‍ സമൂഹ വിവാഹത്തിനു കാര്‍മികത്വം വഹിക്കും. മന്ത്രി കെ.ടി.ജലീല്‍, കര്‍ണാടക മന്ത്രി യു.ടി.ഖാദര്‍ എന്നിവര്‍ ബൈത്തുന്നൂര്‍ ഭവനങ്ങളുടെ താക്കോല്‍ദാനം നിര്‍വഹിക്കും. ഐഎന്‍എല്‍ ദേശീയ പ്രസിഡന്റ് പ്രഫ. മുഹമ്മദ് സുലൈമാന്‍ ആംബുലന്‍സ് സമര്‍പ്പിക്കും.
സുരേശന്‍ പടന്നക്കാട്, ഷെരീഫ് മുണ്ടോള്‍, ഇസ്മായില്‍ ഹാജി, എ.സുബൈര്‍, റാഷിദ് പൂമാടം എന്നിവരെ ചടങ്ങില്‍ ആദരിക്കും. രാഷ്ട്രീയ– സാമൂഹിക രംഗങ്ങളിലെ പ്രമുഖര്‍ പങ്കെടുക്കും. 

ഈ വര്‍ഷം നിര്‍ധനര്‍ക്കായി അഞ്ചു ബൈത്തുന്നൂര്‍ ഭവനങ്ങളാണു സെന്റര്‍ നേതൃത്വത്തില്‍ കൈമാറുന്നത്. ഇതില്‍ മൂന്നെണ്ണത്തിന്റെ നിര്‍മാണം പൂര്‍ത്തിയായി.
രണ്ടെണ്ണം ഉടന്‍ പൂര്‍ത്തീകരിച്ചു നല്‍കുമെന്നു സെന്റര്‍ ചെയര്‍മാന്‍ ബില്‍ടെക് അബ്ദുല്ല പറഞ്ഞു. ആറു ലക്ഷം രൂപയാണ് ഓരോ വീടിനും ചെലവ്. സെന്റര്‍ നേതൃത്വത്തില്‍ ഞായറാഴ്ച നടക്കുന്ന സമൂഹവിവാഹത്തില്‍ പങ്കെടുക്കുന്ന ഓരോ വധുവിനും ഏഴു പവന്‍ സ്വര്‍ണവും അരലക്ഷം രൂപ വീതവുമാണു നല്‍കുന്നത്. കൂടാതെ വിവാഹത്തില്‍ പങ്കെടുക്കുന്ന വധൂവരന്‍മാരുടെ ബന്ധുക്കള്‍ക്കെല്ലാം ഭക്ഷണവും നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. 

കഴിഞ്ഞ വര്‍ഷവും സെന്റര്‍ നേതൃത്വത്തില്‍ മഹര്‍ എന്ന പേരില്‍ അഞ്ചു പെണ്‍കുട്ടികളുടെ വിവാഹം നടത്തിയിരുന്നു. സ്വര്‍ണാഭരണങ്ങള്‍ക്കു പുറമെ വരന്‍മാര്‍ക്ക് ഉപജീവനമാര്‍ഗമായി ഓരോ ഓട്ടോറിക്ഷയും അന്നു സെന്റര്‍ സമ്മാനിച്ചിരുന്നു. കഴിഞ്ഞ 27ന് ആരംഭിച്ച 'മഹര്‍ ബൈത്തുന്നൂര്‍– 2017' പരിപാടി ഞായറാഴ്ചത്തെ ചടങ്ങുകളോടെ സമാപിക്കും.

Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.