Latest News

നിലാവ് കണ്ട രാത്രി.....

മഴത്തുള്ളികള്‍ ചിത്രം വരച്ചുവെച്ചിരിക്കുന്ന ഭൂമിക്കിപ്പോള്‍ പെരുന്നാളിന്റെ മണമാണ്...ആകാശം ആഹ്ലാദത്തിന്റെ ഗസല്‍ മൂളുന്നു...പുണ്യങ്ങളുടെ ദിനരാത്രങ്ങള്‍ പോയ് മറയുന്നതിന്റെ ദു:ഖത്തിനിടയിലും പെരുന്നാള്‍ ആനന്ദപൂവിടര്‍ത്തുകയാണ്...മനസിലെ കാണാത്ത കവിതകളത്രയും പെരുന്നാളിനെക്കുറിച്ച് മാത്രമാകുന്നു....എത്ര പറഞ്ഞാലും മതിവരാതെ, എത്ര എഴുതിയാലും കൊതിതീരാതെ ഓരോ പെരുന്നാളും ഒരു മഴപോലെ ഹൃദയത്തെ തൊട്ടുകൊണ്ടിരിക്കുന്നു...[www.malabarflash.com]

പരീക്ഷയില്‍ ജയിച്ച ദിവസംപോലെ, അംഗീകാരം നേടിയെത്തിയ നിമിഷം പോലെ ആഹ്ലാദത്തെക്കുറിച്ചുവെച്ച ഡയറിയിലെവിടെയോ പെരുന്നാള്‍ ദിനങ്ങളും നിറഞ്ഞു നില്‍പ്പുണ്ട്. മഹാ ദു:ഖത്തിന്റെ മഹാപര്‍വ്വതം തീര്‍ക്കുന്ന ജീവിതത്തിനിടയില്‍ വീണുകിട്ടുന്ന സൗഭാഗ്യമാണ് ഓരോ പെരുന്നാളും...

നീലാകാശത്ത് നിലാവ് വിരിയുമ്പോള്‍ നമ്മള്‍ പുതിയൊരു മനുഷ്യനാവും, എല്ലാ വേവലാതിയും മറന്ന് ലോകത്തിനൊപ്പം നമ്മളും പുതിയ മൂഡിലേക്ക് കോണിപ്പടി കയറും....ഉടുക്കുവാന്‍ പുതുതായി ഒന്നുമില്ലാത്തവനും പെരുന്നാള്‍ ഒരു പെരുന്നാള്‍ തന്നെയാണ്...നെയ്‌ച്ചോറും ഇറച്ചിക്കറിയും കൂട്ടിനില്ലാതിരിക്കുമ്പോഴും അവനും ആഹ്ലാദത്തിന്റെ തക്ബീര്‍ ചൊല്ലും...

പെരുന്നാളിന്റെ ഭാഷ ആഘോഷമാണ്.. ആ ലാംഗ്വേജിന് എല്ലായിടുത്തും അതേ അര്‍ത്ഥമാണ്...പാക്കിസ്ഥാന്‍ പ്രസിഡണ്ട് മംനൂന്‍ ഹസനും സംഗീത സാമ്രാട്ട് എ.ആര്‍.റഹ്മാനും ആഫ്രിക്കക്കാരനായ കളിക്കാരന്‍ ഹാഷിം ആംലയും ഏതോ കുഗ്രാമത്തിലെ ചായക്കടക്കാരന്‍ ഇക്കയും ഒരേ ആവേശത്തിലാണ് അത് വായിച്ചെടുക്കുന്നത്...

ഗാസയില്‍ ഇന്നും ഇസ്‌റായേലിന്റെ നീചന്മാര്‍ ബോംബ് ചൊരിഞ്ഞിട്ടുണ്ടാവും, പക്ഷെ, നിലവിളികള്‍ക്കും കണ്ണീരിനുമിടയിലും പലസ്തീന്റെ കുഞ്ഞുങ്ങള്‍ക്കും പെരുന്നാളുണ്ട്. ഞാനും നിങ്ങളും ഉന്നക്കായിയുടെയും ചിക്കന്‍ ബിരിയാണിയുടെയും രുചി അറിയുമ്പോള്‍ അവര്‍ ബോംബ് അപ്പങ്ങളുടെ നടുവിലായിരിക്കും...അപ്പോഴും അവരുടെ ചുണ്ടില്‍ തക്ബീര്‍ ധ്വനി ബാക്കിയുണ്ടാവാറുണ്ടെന്ന് ഏതോ പേര്‍ഷ്യന്‍ കവി എഴുതിവെച്ചതോര്‍ക്കുന്നു...

***********************
ദിവസങ്ങള്‍ക്കുമുമ്പേ ആശംസ അയച്ച കൂട്ടുകാര നിനക്ക് നന്ദി...ഓരോ പെരുന്നാളിനും എന്തുമാത്രം തീവ്രതയുണ്ടെന്ന് നീ ഓര്‍മ്മിപ്പിച്ചു...നിന്റെ എസ്.എം.എസ് വന്ന നിമിഷം മുതല്‍ ഞാന്‍ പുതിയ മൂഡിലാണ്...ദു:ഖങ്ങള്‍ ആഹ്ലാദത്തെ കടം വാങ്ങിയിരിക്കുന്നു...
പാടാത്ത പാട്ടായി, എഴുതാത്ത കവിതയായി പെരുന്നാള്‍ ഹൃദയത്തില്‍ നിറയുകയാണ്...പുതുകുപ്പായം പോലെ സുന്ദരമാണ് പെരുന്നാളെന്ന് ഫര്‍ഹാന്‍ വാട്‌സപ്പില്‍ സ്റ്റാറ്റസടിച്ചിരുന്നു...
ഉമ്മ ഒറ്റക്ക് ചുട്ടുവെക്കുന്ന അപ്പംപോലെ മധുരതരമാണ് എനിക്കെന്റെ പെരുന്നാളെന്ന് ഞാന്‍ അവനും സ്റ്റാറ്റസിട്ടു..അല്ലെങ്കിലും എന്റെ പെരുന്നാളിന് എന്നും ഉമ്മയുടെ മുഖമാണല്ലോ...
പുതിയ ഡ്രസ്സ് കോഡുകള്‍ തേടി മംഗലാപുരത്തേക്ക് വണ്ടികേറുന്നതിന് മുമ്പ് ഉമ്മ സെല്ക്ട് ചെയ്തു തന്നിരുന്ന കുഞ്ഞു കുര്‍ത്തയും ഷറവാണിയുമായിരുന്നു എന്റെ പെരുന്നാള്‍...പൈജാമയിട്ട് തൊപ്പിവെക്കുമ്പോള്‍ ഉമ്മ പറയും...ഹൊ, കളിക്കാരന്‍ ഇമ്രാന്‍ഖാന്റെ ലുക്കാണല്ലോട...
കഴിഞ്ഞ ദിവസം കടയില്‍കയറി പെരുന്നാളുടുപ്പ് തേടുന്നതിനിടയില്‍ പീറ്റര്‍ ഇംഗ്ലണ്ടും ലിനനും റെയ്മണ്ടും വലിചിട്ട് സെയില്‍സ്മാന്‍ ചോദിച്ചു ഏത് ബ്രാന്റ് വേണം....ഗുണമേന്മയും കുലീനതയും വിളിച്ചു പറയുന്ന കുപ്പായങ്ങള്‍ക്കിടയിലും ഞാന്‍ തെരഞ്ഞത് ഇന്‍സ്റ്റാളുമെന്റുകാരന്റെ കയ്യില്‍ നിന്നും ഉമ്മ വാങ്ങിച്ചു തരാറുള്ള നല്ല നാടന്‍ മോഡലുകളായിരുന്നു... അത്രയേറെ സംതൃപ്തി തന്നിരുന്ന മറ്റൊരു വസ്ത്രവും ഇതുവരെ ഞാന്‍ അണിഞ്ഞിട്ടില്ല...
കുപ്പായത്തിന് ബട്ടണിട്ട് തന്ന്, അത്തറൊന്ന് പൂശി, അണിയിച്ചൊരുക്കി ഉമ്മ പള്ളിയിലേക്കയച്ചതിന്റെ സുഖമുള്ള അനുഭവും നിങ്ങളുടെ ഓര്‍മ്മയിലുമില്ലെ....?

***********************
പെരുന്നാളിന് വീട്ടിലേക്ക് വരണമെന്ന് റിസു ആഴ്ചകള്‍ക്കുമുമ്പേ ഇന്‍ ബോക്‌സില്‍ കുറിച്ചുവെച്ചിരുന്നു, റിപ്ലേ നല്‍കാത്ത സ്‌നേഹമായി എന്റെ ഫേസ് ബുക്കില്‍ അതിപ്പോഴും കിടന്നുറങ്ങുന്നുണ്ട്. എത്ര കൂട്ടി ഗുണിച്ചാലും ഷെഡ്യൂള്‍ ചെയ്യാനാവാത്ത പെരുന്നാള്‍ ദിനത്തിനിടയില്‍ തുടര്‍ച്ചയായി മൂന്നാമത്തെ വര്‍ഷവും ഞാനെന്ത് കള്ളമാണ് അവനോട് പറയേണ്ടത്....... 

പെരുന്നാളിന് നല്ല മഴയായിരുന്നെങ്കില്‍ ഗുണമായിരുന്നെന്ന് ചാറ്റ് വര്‍ത്തമാനത്തിനിടയില്‍ മന്‍ച്ചുവിന്റെ തമാശ...ഓരോ സെഷനിലും ഓരോ ഡ്രസ് കോഡ് എന്ന രീതിയിലേക്ക് ആഘോഷത്തെ ക്രമീകരിച്ച നമ്മുടെ ദു:ഖം കനത്ത ചൂടിനിടയില്‍ അറേബ്യന്‍ ഗള്‍ഫില്‍ കഴിയുന്ന അവനെങ്ങനെ അറിയാനാണ്......!
ഫേസ് ബുക്കില്‍ ആദ്യ ഫോട്ടോ എപ്പോള്‍ അപ്‌ലോഡ് ചെയ്യുമെന്ന് വീണ്ടും അച്ഛപ്പുവിന്റെ കുസൃതി ചോദ്യം...ആ ക്യാമറ പെരുന്നാളിനെങ്കിലും ഒന്നു താഴെവെച്ചുകൂടെയെന്ന് ആനുപിന്റെ കമന്റ്...എന്തായാലും ഇന്റര്‍ നെറ്റിലല്ല ഹൃദയത്തിലാണ് പെരുന്നാളെന്ന് ഞാന്‍ വാട്‌സപ്പിലും വീ ചാറ്റിലും മാറി മാറി സ്റ്റാറ്റസിട്ടു...
***********************

എത്ര നേരത്തെ ഒരുങ്ങിയാലും പെരുന്നാളിന്റെ പ്രഭാതം വരെ ഒരുങ്ങി തീരില്ല നമുക്ക്...കുപ്പായങ്ങള്‍ പലവട്ടം അനിഞ്ഞ് കണ്ണാടിയുടെ മുമ്പില്‍ നില്‍ക്കും...നീ സുല്‍ത്താന്റെ ചേലുകാരനാണെന്ന് സ്വയം പറഞ്ഞുനോക്കും എന്നാലും എവിടെയൊക്കെയോ ഒരു വേവലാതി വട്ടമിട്ട് നടന്നുകൊണ്ടിരിക്കും...പെരുന്നാള്‍ തലേന്ന് ഓരോരുത്തര്‍ക്കും പ്രധാനമന്ത്രിയേക്കാള്‍ തിരക്കാണ്...
29 നോമ്പ് കഴിഞ്ഞാല്‍ പിന്നെ ആകാംക്ഷ മാത്രം...ചാനലുകള്‍ മാറി മാറി നോക്കും, ഇരിക്കപ്പൊറുതിയില്ലാതെ ഖാസി ഹൗസിലേക്കും പത്ര ഓഫീസിലേക്കും മാറി മാറി വിളിക്കും...ഓരോ ആളോടും ഉത്തരം പറഞ്ഞു പറഞ്ഞ് അവര്‍ മടുക്കും...
ഒരു ദിവസം വൈകിയാല്‍ ഒന്നും സംഭവിക്കാനില്ല. എന്നാല്‍ പെരുന്നാളിനെ വല്ലാതെ തൊടാന്‍ കൊതിക്കുമ്പോള്‍ ആകാംക്ഷ ആവേശമായി മാറുന്നു...

***********************
ആഹ്ലാദങ്ങളുടെ തുലാവര്‍ഷമായി പെരുന്നാള്‍ പെയ്യാനൊരുങ്ങുമ്പോഴും നോമ്പ് പോവുന്നതിന്റെ ദു:ഖം ഹൃദയത്തെ വല്ലാതെ നോവിപ്പിക്കും...ആത്മീയതയില്‍ അമര്‍ന്നുപറഞ്ഞ ആമീനും ആ തറാവീഹ് നമസ്‌ക്കാരവും അകലുകയാണെന്നറിയുമ്പോള്‍ ഉള്ള് വല്ലാതെ പിടയും...
അസലാമു അലൈക്കും യാ ശഹ്‌റ റമളാന്‍ എന്ന് ജുമുഅ ഖുത്തുബയില്‍ ഉസ്താദ് വിരഹഭാരത്തോടെ ചൊല്ലുമ്പോള്‍ കണ്ണ് നിറഞ്ഞ് ഹൃദയം കരഞ്ഞുപോകും...പാപമോചനം നേടാന്‍, പുണ്യംകൊണ്ട് പൂക്കാലം തീര്‍ക്കാന്‍, എല്ലാ തെറ്റിനെയും ശരികൊണ്ട് സമമാക്കാന്‍ ഇനി നമ്മുടെ ജീവിതത്തില്‍ ഒരു റമസാന്‍ ഉണ്ടാകുമോ എന്നത് അള്ളാഹുവിന് മാത്രം അറിയുന്ന കാര്യമാകുമ്പോള്‍ റമസാന്റെ വേര്‍പ്പാട് നൊമ്പരങ്ങളുടേതല്ലാതെ പിന്നെന്താണ്.....?
ശുക്ക്‌റും ദിക്‌റും സമ്പന്നമാക്കിയ ആ രാപ്പകലുകള്‍ക്ക് പറഞ്ഞറിയിക്കാനാവാത്ത അനുഭൂതിയായിരുന്നുവെന്ന് പെരുന്നാള്‍ തരുന്ന ആഹ്ലാദം പോലും സമ്മതിക്കാറുണ്ട്...
മച്ചുവിന്റെ പറക്കാട്ടില്‍ നിന്ന് നോമ്പ് തുറന്ന സന്ധ്യകളാണ് ഇല്ലാതാവുന്നത്...വയറിനേക്കാളേറെ മനസ്സുനിറഞ്ഞിരുന്ന ആ നിമിഷങ്ങള്‍ ഓര്‍മ്മകള്‍ മാത്രമാവുന്നു...ഇനി ഒരു റമസാന്‍ കാലം വരുമ്പോള്‍ അവന്‍ ഏതോ അറേബ്യന്‍ ഗള്‍ഫിലായിരിക്കും...നഗരത്തിന്റെ തിരക്കിനിടയില്‍ ബാങ്ക് കേള്‍ക്കാത്ത ഞങ്ങളുടെ ഓഫീസിലേക്ക് മിസ് കോളിലൂടെ ഓര്‍മ്മിപ്പിച്ചിരുന്ന സിനാന്‍ ഇനി മുതല്‍ മഗ്‌രിബ് ബാങ്ക് മുഴങ്ങുമ്പോള്‍ എന്നെ ഓര്‍ക്കാതെ പള്ളിയില്‍ പോവും...
അള്ളാ, ഇത് ഞങ്ങളുടെ അവസാന റമസാന്‍ ആക്കല്ല അള്ളാ എന്ന പ്രാര്‍ത്ഥന മാത്രം ബാക്കിയാവുന്നു...

***********************
നിലാവ് ആ വിവരം തന്നു കഴിഞ്ഞാല്‍ തിരക്കുപിടിച്ച രാത്രിക്കൊടുവില്‍ നിറമുള്ള ഒരു പകലാണ്...അതിരാവിലെ എഴുന്നേറ്റ് കുളിച്ചൊരുങ്ങി പള്ളിയിലെത്തുമ്പോള്‍ ഒരു നാട് മുഴുവന്‍ അവിടെ സമ്മേളിച്ചിട്ടുണ്ടാവും....എല്ലാ മുഖത്തും ചിരിയും സന്തോഷവുമുള്ള അപൂര്‍വ്വം മുഹൂര്‍ത്തങ്ങളിലൊന്നാണത്...
പുഴ ഒഴുകും വഴിയരികിലെ ബാവിക്കര പള്ളിയില്‍ തക്ബീര്‍ ചൊല്ലി നിസ്‌ക്കാരത്തിനായി കാത്തിരിക്കുമ്പോള്‍ നല്ല കുപ്പായമിട്ട് കടന്നുവരുന്ന ഓരോ മുഖങ്ങളേയും കൗതുകത്തോടെ നോക്കി നില്‍ക്കും...

അപ്പോഴും പ്രിയപ്പെട്ട കൂട്ടുകാരന്‍ നൗഷാദ് തീരാ നൊമ്പരമായി ഉള്ളില്‍ നിറയും...ഓരോ പെരുന്നാളിനെയും പെരുന്നാളാക്കി തരാറുള്ള അവന്റെ ചിരി വര്‍ത്തമാനമില്ലാത്ത മറ്റൊരു പെരുന്നാളാണ് കടന്നുവരുന്നത്...
ഹൗളില്‍ നിന്ന് വുളൂ എടുത്ത്, വിശാലമായ പള്ളിയുടെ അകത്തേക്ക് ഓരോരുത്തരായി കടന്നുവരുന്നു...കബീര്‍, അസ്‌ലം, ഫാറൂഖ്, താജു...പക്ഷെ, നൗഷാദ് മാത്രമില്ല...ജീവിത യാത്രയിലെവിടെയോ വെച്ച് മരണത്തിലേക്ക് ബൈക്കോട്ടിപ്പോയ അവന്‍ തൊട്ടപ്പുറത്തെ ഖബര്‍ സ്ഥാനില്‍ എഴുന്നേല്‍ക്കാത്ത ഉറക്കത്തിലാണെന്ന സത്യം എത്ര ശ്രമിച്ചാലും ഉള്‍ക്കൊള്ളാനെ കഴിയുന്നില്ല...നൗഷാദ് വരുമോ എന്ന് വെറുതെ വഴിനോക്കിപ്പോവാറുണ്ട്...

***********************

പെരുന്നാളായതിന്റെ ആഹ്ലാദത്തില്‍ റിഷാദും ഇന്‍ജ്ജുവും സിറാജും ഹാരിസുമെല്ലാം പതിവില്ലാത്ത വര്‍ത്തമാനങ്ങളുമായി പള്ളിമുറ്റത്ത് നില്‍പ്പുണ്ടാവും...സ്‌നേഹത്തിന്റെ നെറ്റ് വര്‍ക്ക് എന്നും മുറിയാതെ കാത്തുസൂക്ഷിക്കുന്ന അജ്മല്‍ മിര്‍ഷാന്റെ ഈദ് മുബാറക്ക് എസ്.എം.എസിന്റെ രൂപത്തില്‍ വീണ്ടും മൊബൈല്‍ കൂട്ടിലേക്ക് വിരുന്നെത്തും...ഒരിക്കലും കണ്ടിട്ടില്ലാത്ത ഒരുപാടുപേര്‍ ഇന്‍ബോക്‌സിലേക്ക് ആശംസയുമായി ഓടിയെത്തുമ്പോള്‍ അത് പെരുന്നാളിന്റെ മറ്റൊരു ധന്യതയാവും...

പത്ര ഓഫീസിലെ രാത്രി ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുന്ന നേരത്ത് നാട് പെരുന്നാളിന്റെ പൊലിമയില്‍ ലയിച്ചിട്ടുണ്ടാവും...എത്രവട്ടമാണെന്നോ അന്ന് വണ്ടി അരികില്‍ നിര്‍ത്തിയിടേണ്ടി വരുന്നത്...ഫോണ്‍ വിളി ശീലമില്ലാത്തവര്‍ പോലും ഒന്ന് വിളിച്ച് ഈദ് മുബാറക്ക് പറയും...ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കാനുള്ള ഒരു പ്രതിജ്ഞ...അത് തന്നെയാണ് പെരുന്നാളിന്റെ പുണ്യം...

-എബി കുട്ടിയാനം

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.