Latest News

ഉദുമ സ്പിന്നിങ് മില്‍ ഓണത്തിന് മുമ്പ് തുറക്കും

ഉദുമ: ടെക്സ്റ്റൈൽസ് കോർപറേഷന്റെ മൈലാട്ടിയിലുള്ള ഉദുമ സ്പിന്നിങ് മിൽ തുറക്കാൻ നടപടിയാകുന്നു. ഇതിന്റെ ഭാഗമായി കോർപറേഷൻ ചെയർമാൻ സി.ആർ.വത്സന്റെ നേതൃത്വത്തിലുള്ള സംഘം സ്പിന്നിങ് മിൽ സന്ദർശിച്ചു ചർച്ച നടത്തി. ഓണത്തിനു മുൻപേ മില്ല് തുറക്കാനാകുമെന്നാണു പ്രതീക്ഷിക്കുന്നത്.[www.malabarflash.com]

ഇതിന്റെ ഭാഗമായി വിവിധ വകുപ്പു മേധാവികളുമായി തിരുവനന്തപുരത്ത് അടുത്ത ദിവസം ചർച്ച നടത്തും. വൈദ്യുതി കുടിശികയായി ലക്ഷങ്ങൾ അടയ്ക്കാനുണ്ടെന്നും തൊഴിലാളികളെ നിയമിക്കുന്നത് സംബന്ധിച്ചുള്ള നിയമതടസ്സം ഒരു പരിധിവരെ പരിഹരിച്ചതായും ചെയർമാൻ അറിയിച്ചു. 2011ൽ വി.എസ്.അച്യുതാനന്ദന്റെ ഭരണകാലത്താണ് ഉദുമ മണ്ഡലത്തിൽ മൈലാട്ടിയിലെ സെറിഫെഡിന്റെ എട്ട് ഏക്കർ സ്ഥലത്ത് ടെക്സ്റ്റൈൽസ് കോർപറേഷൻ സ്പിന്നിങ് മിൽ തുറക്കാൻ തീരുമാനിച്ചത്.

ഇതിനായി 24 കോടി രൂപയാണു വിവിധ ഘട്ടങ്ങളിൽ അനുവദിച്ചത്. ശിലാസ്ഥാപനം നടത്തി ആറു മാസത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കിയ മില്ല് എല്ലാവിധ സൗകര്യങ്ങളോടും കൂടി 2011 ജനുവരി 28ന് അന്നത്തെ വ്യവസായ മന്ത്രി എളമരം കരീമാണു നാടിനു സമർപ്പിച്ചത്. പദ്ധതിക്കായി അനുവദിച്ച ഫണ്ടിൽ യന്ത്രസാമഗ്രികൾക്കു മാത്രമായി 16 കോടിയും ചെലവഴിച്ചു. ചുരുക്കം ദിവസങ്ങളിൽ മിൽ പ്രവർത്തിച്ചിരുന്നുവെങ്കിലും തൊഴിലാളികളെ നിയമിക്കുന്നതു സംബന്ധിച്ചുള്ള തർക്കങ്ങളും മറ്റുമായി അടച്ചുപൂട്ടുകയായിരുന്നു. രണ്ടു വർഷത്തിലേറെക്കാലം വൈദ്യുതി നൽകിയ വകയിൽ ലക്ഷങ്ങളാണു വൈദ്യുതി ബോർഡിന് അടയ്ക്കാനുള്ളത്. ബിൽതുക അടക്കാത്തതിനാൽ മില്ലിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിച്ചിരുന്നു.

സ്വകാര്യ സെക്യൂരിറ്റി ഏജൻസിൽ നിന്നു നിയമിച്ച കാവൽക്കാർ മാത്രമാണ് ഇപ്പോൾ‌ ഫാക്ടറിയിലുള്ളത്. മാസങ്ങൾക്കു മുൻപ് ഉദുമ സ്പിന്നിങ് മിൽ തുറന്നു പ്രവർത്തിപ്പിക്കുന്നതിനായി അന്നത്തെ വ്യവസായ മന്ത്രി ഇ.പി.ജയരാജന്റെ നേതൃത്വത്തിൽ ചർച്ച നടത്തി ഇക്കാര്യത്തിൽ നടപടികൾ സ്വീകരിക്കാൻ കലക്ടറെയും സ്ഥലം എംഎൽഎയും ചുമതലപ്പെടുത്തിയിരുന്നു. ഒരു വിഭാഗം ഉദ്യോഗാർഥികൾ നിയമനവുമായി ബന്ധപ്പെട്ടു ഹൈക്കോടതിയെ സമീപിച്ചതാണ് സ്പിന്നിങ് മിൽ നിശ്ചലമായതിന് പ്രധാന കാരണം. ഇവരുമായി ചർച്ച ചെയ്ത് കോടതി നടപടി അവസാനിപ്പിക്കാനാവശ്യമായ നടപടി സ്വീകരിക്കാൻ കലക്ടറെ അന്നു മന്ത്രി ചുമതലപ്പെടുത്തിയിരുന്നു.

മില്ലിലേക്ക് ജീവനക്കാരെ തിര‍ഞ്ഞെടുക്കാനായി സർക്കാർ ഏജൻസിയെ കൊണ്ടു പരീക്ഷ നടത്തി റാങ്ക് പട്ടിക തയാറാക്കിയിരുന്നു. ഇതിൽ നിന്നു നിയമനവും നടത്തി. പുതിയ സർക്കാർ അധികാരത്തിലെത്തിയതോടെ നിയമനത്തിൽ രാഷ്ട്രീയം കലർത്തിയെന്ന ആരോപണവുമായി യൂത്ത് കോൺഗ്രസ് അടക്കമുള്ള സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ പദ്ധതി താളംതെറ്റി. 

മില്ല് സന്ദർശിച്ച ചെയർമാനോടൊപ്പം മാനേജർ ഇൻചാർജ് കെ.എ.ചന്ദ്രശേഖരൻ, കെ.അനൂപ്കുമാർ, സിപിഎം ഉദുമ ഏരിയ സെക്രട്ടറി ടി.നാരായണൻ, സിഐടിയു ജില്ലാ സെക്രട്ടറി പി.മണിമോഹനൻ, കോൺഗ്രസ് സംസ്ഥാന സെക്രട്ടറി എം.അനന്തൻ നമ്പ്യാർ, ജില്ലാ പ്രസിഡന്റ് കൈപ്രത്ത് കൃഷ്ണൻ എന്നിവരും ഉണ്ടായിരുന്നു.



Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.