Latest News

ഇന്ത്യക്ക് നയതന്ത്ര വിജയം; കുല്‍ഭൂഷന്‍ ജാദവിന്റെ വധശിക്ഷ അന്താരാഷ്ട്ര നീതിന്യായ കോടതി തടഞ്ഞു

ഹേഗ്: കുല്‍ഭൂഷന്‍ ജാദവ് കേസില്‍ അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ ഇന്ത്യക്ക് വന്‍ നയതന്ത്ര വിജയം. ചാരവൃത്തി ആരോപിച്ച് മുന്‍ ഇന്ത്യന്‍ നാവിക ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷന്‍ ജാദവിന് വധശിക്ഷ വിധിച്ച പാക്കിസ്ഥാന്‍ കോടതിയുടെ ഉത്തരവ് പുനപരിശോധിക്കണമെന്ന് അന്താരാഷ്ട്ര നീതിന്യായ കോടതി ഉത്തരവിട്ടു.[www.malabarflash.com] 

പാക്കിസ്ഥാന്‍ വിയന്ന ഉടമ്പടി ലംഘിച്ചതായി കണ്ടെത്തിയ കോടതി, കുല്‍ഭൂഷന്‍ ജാദവിന് കോണ്‍സുലാര്‍ ആക്‌സസ് നല്‍കണമെന്നും ആവശ്യപ്പെട്ടു.

ഹേഗിലെ പീസ് പാലസില്‍ ജഡ്ജി അബ്ദുല്‍ ഖവി അഹമ്മദ് യൂസുഫാണ് വിധിപ്രസ്താവം വായിച്ചത്. ഇന്ത്യന്‍ സമയം ബുധനാഴ്ച വൈകീട്ട് ആറരയോടെയാണ് കോടതിയുടെ വിധിന്യായം പുറത്തുവന്നത്. കേസ് പരിഗണിച്ച് ബഞ്ചിലെ 16 ജഡ്ജിമാരില്‍ 15 പേരും ഇന്ത്യക്ക് അനുകൂലമായാണ് നിലപാടെടുത്തത്. ജഡ്ജിമാരില്‍ ഇന്ത്യയില്‍ നിന്നും പാക്കിസ്ഥാനില്‍ നിന്നുമുള്ളവരുണ്ട്.

കുല്‍ഭൂഷണ്‍ ജാദവിന് എതിരായ നടപടി വിയന്ന കണ്‍വെന്‍ഷന്‍ ചട്ടങ്ങളുടെ ലംഘനമാണെന്നാണ് ഇന്ത്യ പ്രധാനമായും വാദിച്ചിരുന്നത്. ഇത് അന്താരാഷ്ട്ര കോടതി അംഗീകരിക്കുകയായിരുന്നു. അതേസമയം കുൽഭൂഷണെ മോചിപ്പിക്കണമെന്ന ഇന്ത്യയുടെ ആവശ്യം കോടതി അംഗീകരിച്ചില്ല. കുല്‍ഭൂഷണ്‍ ജാദവ് ഇന്ത്യയുടെ ചാരനായിരുന്നുവെന്നായിരുന്നു പാക്കിസ്ഥാന്റെ വാദം.

2016 ഏപ്രില്‍ മൂന്നിന് ബലൂചിസ്ഥാന്‍ പ്രവിശ്യയില്‍ നിന്നാണ് കുല്‍ഭൂഷണ്‍ ജാദവിനെ പാക്കിസ്ഥാന്‍ പിടികൂടിയത്. ഇറാന്‍ വഴി പാക്കിസ്ഥാനിലേക്ക് കടന്നുവെന്ന് ആരോപിച്ചായിരുന്നു അറസ്റ്റ്. 2017 ഏപ്രിലില്‍ കുല്‍ഭൂഷണ്‍ ജാദവിനെ പാക്കിസ്ഥാനിലെ സൈനിക കോടതി വധശിക്ഷക്ക് വിധിച്ചു. പാക് കോടതി വിധിക്ക് എതിരെ 2017 മെയ് 18ന് ഇന്ത്യ അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിക്കുകയായിരുന്നു. ബലൂചിസ്ഥാന്‍ പ്രവിശ്യയില്‍ വിഘടനവാദം പ്രോത്സാഹിപ്പിക്കുകയും പാകിസ്ഥാനെ അസ്ഥിരപ്പെടുത്താനുള്ള ഭീകരാക്രമണ പദ്ധതികളില്‍ പങ്ക് വഹിച്ചു എന്നെല്ലാമാണ് കുല്‍ഭൂഷണെതിരെ പാക്കിസ്ഥാന്‍ ഉന്നയിച്ചിരുന്ന ആരോപണങ്ങള്‍.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.